Connect with us

Covid19

മോഡേണ കൊവിഡ് വാക്‌സിന് ഫ്രീസര്‍ പ്രശ്‌നമില്ലെന്ന് കമ്പനി

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്കന്‍ കമ്പനിയായ മോഡേണ വികസിപ്പിച്ച കൊവിഡ്- 19 പ്രതിരോധ വാക്‌സിന്‍ കൊടുംതണുപ്പില്‍ സൂക്ഷിക്കേണ്ടതില്ല. ആ രീതിയിലാണ് വാക്‌സിന്‍ വികസിപ്പിച്ചതെന്ന് മോഡേണ അവകാശപ്പെട്ടു. അതിനാല്‍ ജനസംഖ്യയേറിയ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ വന്‍തോതില്‍ സംഭരിക്കുക പ്രശ്‌നമാകില്ല.

പല കൊവിഡ് വാക്‌സിനുകളും മൈനസ് ഡിഗ്രി തണുപ്പില്‍ സൂക്ഷിക്കേണ്ടതാണ്. ഉദാഹരണത്തിന് അമേരിക്കന്‍ കമ്പനിയായ ഫിസര്‍ വികസിപ്പിച്ച വാക്‌സിന്‍ മൈനസ് 70 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇത് വലിയ ചെലവാണ് സൃഷ്ടിക്കുക.

കൊടുംതണുപ്പില്‍ സൂക്ഷിക്കേണ്ടതില്ലെങ്കിലും മോഡേണയുടെ വാക്‌സിന്‍ സാധാരണ റഫ്രിജറേറ്റര്‍ താപനിലയില്‍ ഒരു മാസം സൂക്ഷിക്കേണ്ടതുണ്ട്. അതിന് ശേഷം ദീര്‍ഘകാല ഉപയോഗത്തിന് സാധാരണ ഫ്രീസറില്‍ സൂക്ഷിക്കാം.

വാക്‌സിന് 94.5 ശതമാനം കാര്യക്ഷതമയുണ്ടെന്ന് മോഡേണ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 30,000 പേരില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ പ്രാഥമിക ഫലം പ്രകാരമാണിത്. നേരത്തേ, ഫിസറിന്റെ വാക്‌സിനും റഷ്യയുടെ സ്പുട്‌നിക് വാക്‌സിനും 90 ശതമാനം കാര്യക്ഷമത അവകാശപ്പെട്ടിരുന്നു. ലോകം പ്രതീക്ഷയോടെ കാണുന്ന ഓക്‌സ്‌ഫോഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണ ഫലം ഏതാനും ആഴ്ചകള്‍ക്കുള്ളിലും പുറത്തുവരും.