Connect with us

Business

ഓഹരി വിറ്റഴിക്കുന്നതിന് മുന്നോടിയായി എല്‍ ഐ സിയുടെ മൂല്യം കണക്കാക്കാന്‍ ബിഡ് ക്ഷണിച്ച് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്റെ (എല്‍ ഐ സി) ഓഹരി വില്‍പ്പനയുടെ മുന്നോടിയായി മൂല്യം കണക്കാക്കുന്നതിന് കമ്പനികളെ ക്ഷണിച്ച് ധനമന്ത്രാലയം. കുറഞ്ഞ ഓഹരികള്‍ വില്‍ക്കാനാണ് നീക്കം. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പുള്ള ഇടപാട് ഉപദേശകരായി എസ് ബി ഐ ക്യാപ്‌സിനെയും ഡിലോയ്റ്റിനെയും നേരത്തേ നിയമിച്ചിരുന്നു.

ഇന്ത്യന്‍ എംബഡ്ഡഡ് വാല്യൂ (ഐ ഇ വി) വികസിപ്പിക്കാനാണ് ബിഡെന്ന് നിക്ഷേപ, പൊതു സ്വത്ത് കൈകാര്യ (ദീപം) വകുപ്പ് അറിയിച്ചു. ഒരു ഇന്‍ഷ്വറന്‍സ് കമ്പനിയിലെ ഓഹരിയുടമകളുടെ പലിശയുടെ മൊത്തം മൂല്യം കണക്കാക്കുകയാണ് ഇതിലൂടെ ചെയ്യുക. ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ എട്ട് ആണ്.

ഓഹരി വില്‍പ്പനയിലൂടെ ഈ സാമ്പത്തിക വര്‍ഷം 2.10 ലക്ഷം കോടി സമാഹരിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. സി പി എസ് ഇ ഓഹരി വില്‍പ്പനയിലൂടെ 1.20 ലക്ഷം കോടിയും ധനകാര്യ സ്ഥാപനങ്ങളിലെ ഓഹരി വില്‍പ്പനയിലൂടെ 90,000 കോടിയും സമാഹരിക്കും. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ കേന്ദ്ര പൊതുമേഖലാ ഓഹരി വിറ്റഴിക്കലിലൂടെ 6,138 കോടി രൂപ സര്‍ക്കാര്‍ സമാഹരിച്ചിട്ടുണ്ട്.