മഴയെത്തി; ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണ തോത് പകുതിയായി കുറഞ്ഞു

Posted on: November 16, 2020 11:48 am | Last updated: November 16, 2020 at 2:40 pm
ഫയൽ ചിത്രം

ന്യൂഡല്‍ഹി | ഞായറാഴ്ച മഴ ലഭിച്ചതോടെ രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണ തോത് പകുതിയായി കുറഞ്ഞു. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ 400ന് മുകളിലെത്തിയ വായു ഗുണനിലവാര സൂചിക ഇന്ന് രാവിലെ 200 പോയിന്റിലേക്ക് താഴ്ന്നു.

മഴ പെയ്തതോടെ അന്തരിക്ഷത്തില്‍ തങ്ങിനിന്ന പൊടിപടലങ്ങളും അപ്രത്യക്ഷമായി. ഇതോടെ കാഴ്ച തടസ്സങ്ങളും നീങ്ങി. 2.5 മില്ലീമീറ്റര്‍ വരെ മഴ നഗരത്തിന്റെ പല ഭാഗങ്ങളിലും രേഖപ്പെടുത്തി.

ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിരോധനം ഏര്‍പെടുത്തിയിരുന്നുവെങ്കിലും ജനങ്ങള്‍ ഇത് ലംഘിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അപകടകരമാംവിധം ഉയര്‍ന്നിരുന്നു. ഇതോടെ ആളുകള്‍ക്ക് കണ്ണുവേദന, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു തുടങ്ങി. കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ ഉണ്ടായതിനേക്കാള്‍ ഉയര്‍ന്ന വായുഗുണനിലവാര സൂചികയാണ് ഇത്തവണ രേഖപ്പെടുത്തിയിരുന്നത്.