ശബരിമല: കുമ്മനത്തിന്റെ വിവാദ പ്രസ്താവനക്കെതിരെ കടകംപള്ളി

Posted on: November 16, 2020 11:21 am | Last updated: November 16, 2020 at 11:21 am

പത്തനംതിട്ട | സര്‍ക്കാര്‍ ശബരിമലയെ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നുവെന്ന ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്റെ പരാമര്‍ശത്തോട് രൂക്ഷമായി പ്രതികരിച്ച് ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത് കള്ളപ്രചാരണമാണെന്നും ശബരിമലയെ തകര്‍ക്കുന്നതിനാണോ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ശബരിമലയോടും വിശ്വാസത്തോടും അദ്ദേഹത്തിന് അല്‍പമെങ്കിലും താത്പര്യമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയുള്ള വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തുമായിരുന്നില്ല. തീര്‍ഥാടകരുടെ കേന്ദ്രമാണ് ശബരിമല. കഴിഞ്ഞ ഒരു നൂറുവര്‍ഷമായി തീര്‍ഥാടകര്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം സവിശേഷമായ വര്‍ഷമാണെന്ന് നമുക്കെല്ലാം അറിയാം. കുമ്മനത്തിന്റെയൊക്കെ ഉദ്ദേശ്യമെന്താണെന്ന് അറിയില്ല. മന്ത്രി പ്രതികരിച്ചു.