ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Posted on: November 16, 2020 8:54 am | Last updated: November 16, 2020 at 12:26 pm

പാട്‌ന | ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ ചേര്‍ന്ന എന്‍ ഡി എ നിയമസഭാ കക്ഷി യോഗം നിതീഷിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് നിതീഷ് ഗവര്‍ണറെ കാണുകയും സംസ്ഥാനത്ത് അടുത്ത സര്‍ക്കാര്‍ രൂപവത്ക്കരിക്കുന്നതിന് അവകാശവാദം ഉന്നയിക്കുകയും ചെയ്തു. മന്ത്രിസഭയില്‍ ആരൊക്കെ വരുമെന്നതാണ് രാഷ്ട്രീയ ലോകം ഇനി ഉറ്റുനോക്കുന്നത്. മന്ത്രിസഭയുടെ വലുപ്പം സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നലെ നിതീഷും ബി ജെ പി, ജെ ഡി (യു) നേതാക്കളും യോഗം ചേര്‍ന്ന് നടത്തിയിരുന്നു.

43 എം എല്‍ എമാരുള്ള ജെ ഡി (യു)വിന് 12ഉം 74 പേരെ വിജയിപ്പിക്കാനായ ബി ജെ പിക്ക് 18ഉം മന്ത്രിപദവികള്‍ ലഭിക്കുമെന്നാണ് സൂചന. മുന്നണിയിലെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി ഐ പി), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച് എ എം) എന്നിവക്ക് ഓരോ മന്ത്രിസ്ഥാനം അനുവദിച്ചേക്കും. മന്ത്രിമാരുടെ എണ്ണം വരും മാസങ്ങളില്‍ വര്‍ധിപ്പിച്ചേക്കുമെന്നും ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു. സഖ്യത്തിലെ പാര്‍ട്ടികള്‍ക്ക്, വിജയിച്ച ഓരോ ഏഴു സീറ്റിനും രണ്ട് മന്ത്രിസ്ഥാനം എന്ന രീതിയില്‍ നല്‍കാനാണ് തീരുമാനമെന്ന് എന്‍ ഡി എ വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ അടിസ്ഥാനത്തില്‍ ജെ ഡി (യു)വിന് 14ഉം ബി ജെ പിക്ക് 20ഉം മന്ത്രിമാരെ ലഭിക്കും.

36 ആണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താവുന്നവരുടെ പരമാവധി എണ്ണം. 243 അംഗ നിയമസഭയുടെ 15 ശതമാനമാണിത്.
അതേസമയം, ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുശീല്‍ കുമാര്‍ മോഡിക്കു പകരം ബി ജെ പിയുടെ നിയമസഭാ കക്ഷി നേതാവ് തര്‍കിഷോര്‍ പ്രസാദ് വരാനാണ് സാധ്യത. പിന്നാക്ക ജാതിക്കാരിയായ രേണു ദേവിയും ഉപ മുഖ്യമന്ത്രി പദവിക്കായി രംഗത്തുണ്ട്. രേണു ദേവിയെ ഇന്നലെ ബി ജെ പി നിയമസഭാ കക്ഷി ഉപ നേതാവായി തിരഞ്ഞെടുത്തിരുന്നു. അയല്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശിന്റെ മാതൃകയില്‍ രണ്ട് ഉപ മുഖ്യമന്ത്രി സ്ഥാനങ്ങള്‍ സൃഷ്ടിച്ച് തര്‍കിഷോറിനും രേണു ദേവിക്കും സ്ഥാനങ്ങള്‍ നല്‍കാനും ആലോചനയുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.