Connect with us

Kerala

കിഫ്ബിക്ക് എതിരായ ഒളിച്ചുകളി പുറത്തായപ്പോള്‍ ചെന്നിത്തല വീണിടത്ത് കിടന്ന് ഉരുളുന്നു: മന്ത്രി തോമസ് ഐസക്

Published

|

Last Updated

കൊച്ചി | കിഫ്ബിയ്‌ക്കെതിരെ ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന ഒളിച്ചു കളി കൈയോടെ പിടിക്കപ്പെട്ടതിന്റെ ജാള്യം മറയ്ക്കാന്‍ വീണേടത്തു കിടന്നുരുളുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. പ്രസക്തമായ ഒരു ചോദ്യത്തിനും പ്രതിപക്ഷനേതാവിനും കൂട്ടര്‍ക്കും മറുപടിയില്ല. അതിനുപകരം സിഎജിയുടെ കരടു റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന്റെ പേരില്‍ പത്രസമ്മേളനം നടത്തിയത് എന്തോ മഹാഅപരാധമെന്ന തൊടുന്യായം പറഞ്ഞ് ഒളിച്ചോടാനാണ് ശ്രമം. അതു നടക്കില്ല. കരടു റിപ്പോര്‍ട്ടിന്റെ മറവില്‍ സിഎജി അസംബന്ധം എഴുന്നെള്ളിച്ചാല്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടും. അതിനിയും ചെയ്യുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്നു മുതലാണ് സിഎജിയുടെ കരടു റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവിനും യുഡിഎഫിനും പവിത്രരേഖയായത്? ലാവലിന്‍ ഓര്‍മ്മയുണ്ടല്ലോ. സിഎജിയുടെ കരടു റിപ്പോര്‍ട്ടിലെ പരാമര്‍ശം വെച്ചെല്ലേ ഖജനാവിന് 375 കോടിയുടെ നഷ്ടമുണ്ടായെന്ന കള്ളക്കഥ പ്രചരിപ്പിച്ചത്? യഥാര്‍ത്ഥ റിപ്പോര്‍ട്ടില്‍ അങ്ങനെയൊരു പരാമര്‍ശമുണ്ടോ? ചെലവഴിച്ച തുകയ്ക്ക് ആനുപാതിക നേട്ടമുണ്ടായില്ല എന്നാണ് അന്തിമ റിപ്പോര്‍ട്ടിലെ പരാമര്‍ശം. Did not yield commensurate gains എന്നാണ് പരാമര്‍ശം. എന്നുവെച്ചാല്‍ നേട്ടമുണ്ടായി, പക്ഷേ, ചെലവിന് ആനുപാതികമല്ല എന്ന്. പക്ഷേ, കരട് റിപ്പോര്‍ട്ടില്‍ entire expenditure of rupees 374.50 crores was rendered wasteful” എന്നായിരുന്നു. ആ പരാമര്‍ശം വെച്ചല്ലേ ഇക്കണ്ട ആഘോഷമെല്ലാം നടത്തിയത്? കരട് റിപ്പോര്‍ട്ടിലെ ലക്കും ലെഗാനുമില്ലാത്ത പരാമര്‍ശങ്ങളുടെ ഉന്നം രാഷ്ട്രീയ മുതലെടുപ്പാണ്. ഇനിയത് അനുവദിച്ചുതരാനാവില്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയെ മറികടന്ന് അന്നത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ലാവലിന്‍ കേസില്‍ ഉപഹര്‍ജി നല്‍കിയ സംഭവം പ്രതിപക്ഷ നേതാവിന് ഓര്‍മ്മയുണ്ടാകുമല്ലോ. ആ ഹര്‍ജിയിലും കരടു റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് എഴുതിപ്പിടിപ്പിച്ചത്.

കോപ്പി കൈയിലുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് പരിശോധിച്ചു നോക്കൂ. ലാവലിന്‍ കരാര്‍ സംബന്ധിച്ച് സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് പത്തുകൊല്ലം കഴിഞ്ഞിട്ടും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പോലും മുതലെടുപ്പു ശ്രമങ്ങള്‍ക്ക് ഉപയോഗിച്ചത് കരട് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ്. ആ കളി ഇനി അനുവദിക്കാനാവില്ല.

സിഎജിയുടെ കരടു റിപ്പോര്‍ട്ടിലെ പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി ലാവലിന്‍ കേസില്‍ സിപിഐഎമ്മിനെ വേട്ടയാടിയവരുടെ സാരോപദേശമൊക്കെ കൈയില്‍ വെച്ചിരുന്നാല്‍ മതി. പ്രശ്‌നം, കരടു റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന് നിയമത്തിന്റെയും വ്യവസ്ഥയുടെയും കീഴു്വഴക്കങ്ങളുടെയും യുക്തിയുടെയും പിന്‍ബലമുണ്ടോ എന്നാണ്. കരട് റിപ്പോര്‍ട്ടിന്റെ വിശുദ്ധിയൊക്കെ നമുക്ക് നിയമസഭയില്‍ വഴിയേ ചര്‍ച്ച ചെയ്യാം.

ഞാനുയര്‍ത്തിയത് ഗുരുതരമായ പ്രശ്‌നമാണ്. സംസ്ഥാനത്തിന്റെ ഭാവിയെയും അധികാരത്തെയും സംബന്ധിച്ചാണത്. ഉത്തരവാദിത്തമുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് പ്രതികരിക്കേണ്ടത് അതിനെക്കുറിച്ചാണ്. സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന ധനകാര്യസ്ഥാപനങ്ങള്‍ക്ക് ആര്‍ബിഐയുടെയും സെബിയുടെയും നിയമങ്ങള്‍ക്ക് വിധേയമായി വായ്പയെടുക്കാന്‍ അധികാരമുണ്ടോ? എന്താണ് യുഡിഎഫിന്റെ നിലപാട്? ആ അടിസ്ഥാന ചോദ്യത്തോട് നിങ്ങള്‍ കേരള ജനതയ്ക്കു മുന്നില്‍ നിലപാട് വ്യക്തമാക്കിയേ മതിയാകൂ എന്നും ഡോ. തോമസ് ഐസക് പറഞ്ഞു.