Connect with us

National

സി എ ജി മുര്‍മു മോദിയുടേയും അമിത് ഷായുടേയും വിശ്വസ്തനെന്ന്‌ ആരോപണം

Published

|

Last Updated

ന്യൂഡല്‍ഹി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും വര്‍ഷങ്ങളായി അടുത്ത സൗഹൃദമുള്ള വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് സി എ ജി (കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) ഗിരീഷ് ചന്ദ്ര മുര്‍മുവെന്ന് ആരോപണം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും അമിത്ഷാ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരിക്കെ ആഭ്യന്തര ജോയിന്റ് സെക്രട്ടറിയായും മുര്‍മു പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൂടാതെ ഗുജറാത്ത് വംശഹത്യ കേസുമായി ബന്ധപ്പെട്ട് അമിത് ഷാ ജയിലിലായപ്പോള്‍ കേസുകള്‍ കൈകാര്യം ചെയ്തത് മുര്‍മുവായിരുന്നു. കൂടാതെ ഗുജറാത്ത് വംശഹത്യ അന്വേഷിച്ച നാനാവതി കമീഷന്‍ മുമ്പാകെ ഹാജരാവുന്ന സാക്ഷികളെ സ്വാധീനിക്കാന്‍ മുര്‍മുവിനെ സര്‍ക്കാര്‍ നിയോഗിച്ചതായി അന്നത്തെ എ ഡി ജി പി ആര്‍ ബി ശ്രീകുമാര്‍ ആരോപിച്ചിരുന്നു. ഇതിന് പുറമെ ഇസ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ കൊലക്കേസ് അന്വേഷണത്തിന്റെ ഭാഗമായി സി ബി ഐ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

ഗുജറാത്ത് കേഡര്‍ ഐ എ എസുകാരനായ മുര്‍മു മോദി പ്രധാനമന്ത്രിയായപ്പോള്‍ കേന്ദ്രധനമന്ത്രാലയത്തില്‍ നിയോഗിക്കപ്പെടുകയായിരുന്നു. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശമായി മാറ്റിയപ്പോള്‍ 2019 ഒക്ടോബര്‍ 31നു അവിടെ ലഫ്. ഗവര്‍ണറായി നിയമിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച മുര്‍മുവിനെ സി എ ജിയായി നിയമിക്കുകയായിരുന്നു.

ഇപ്പോള്‍ കേരളത്തിന്റെ ലൈഫ് പദ്ധതിയിലടക്കം അഴിമതി ചൂണ്ടിക്കാട്ടി സി എ ജി റിപ്പോര്‍ട്ട് തയ്യാറായ പശ്ചാത്തലത്തില്‍ മുര്‍മുവിന്റെ രാഷ്ട്രീയ ബന്ധങ്ങളും ചര്‍ച്ചയാകുമെന്ന കാര്യം ഉറപ്പാണ്.