Connect with us

Kerala

തര്‍ക്കം തുടരുന്നതിനിടെ കോട്ടയത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്

Published

|

Last Updated

കോട്ടയം |  സീറ്റ് വീതംവെക്കല്‍ സംബന്ധിച്ച് രൂക്ഷ തര്‍ക്കം തുടരുന്നതിനിടെ കോട്ടയത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് വൈകിട്ട് നടക്കും. കോട്ടയം ജില്ലാ പഞ്ചായത്ത്, പാല നഗരസഭ സംബന്ധിച്ചാണ് പ്രധാന തര്‍ക്കം. ജില്ലാ പഞ്ചായത്തില്‍ 11 സീറ്റ് വേണമെന്ന ആവശ്യത്തില്‍ ജോസ് കെ മാണി വിഭാഗം ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ ഇത് നല്‍കാനാവില്ലെന്നാണ് സി പി എമ്മും സി പി ഐയും പറയുന്നത്. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ ഒന്ന് വേണെങ്കില്‍ വിട്ടു നല്‍കാമെന്നും ഇതില്‍ കൂടുതല്‍ പറ്റില്ലെന്നുമാണ് സി പി ഐ പറയുന്നത്. പാല മുനിസിപ്പാലിറ്റിയും സീറ്റുകള്‍ വിട്ടുനല്‍കാനാകില്ലെന്നാണ് സി പി ഐ പറയുന്നത്. വേണ്ടിവന്നാല്‍ പാല മുനിസിപാലിറ്റിയില്‍ ഒറ്റക്ക് മത്സരിക്കുമെന്നും ഇവര്‍ പറയുന്നു. പ്രതിസന്ധി ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് സീറ്റ് ധാരണക്കായി ഇന്ന് ഉച്ചക്ക് ശേഷം മൂന്നിന് യോഗം ചേരുന്നത്. ഇതില്‍ അന്തിമ ധാരണയുണ്ടാക്കണമെന്ന നിലപാടിലാണ് സി പി എം ഉള്ളത്.

കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ശക്തമായ പാര്‍ട്ടിയാണ്. ശക്തിക്ക് അനുസരിച്ച് അര്‍ഹമായ പരിഗണന വേണം. സി പി ഐയും സിപിഎമ്മും വിട്ട് വീഴ്ചക്ക് തയ്യാറാകണമെന്നും കേരള കോണ്‍ഗ്രസ് നേതാവ് സ്റ്റീഫന്‍ ജോര്‍ജ് പ്രതികരിച്ചു.
അതിനിടെ സി പി ഐയുടെ നിര്‍ണായക ജില്ലാ എക്‌സിക്യുട്ടീവ് യോഗം ഇന്ന് കോട്ടയത്ത് ചേരുന്നുണ്ട്. ഈ യോഗത്തില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പങ്കെടുക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് സീറ്റ് ഒന്ന് വിട്ടുനല്‍കാമെന്ന് സി പി ഐ അറിയിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടെണ്ണം വേണമെന്നാണ് സി പി എം ആവശ്യപ്പെട്ടിരിക്കുന്നത്.

പാലായില്‍ ഏഴ് സീറ്റുകളില്‍ മത്സരിച്ച സി പി ഐ അത്ര തന്നെ സീറ്റുകളാണ് ഇക്കുറിയും ആവശ്യപ്പെട്ടത്. എന്നാല്‍ കേരള കോണ്‍ഗ്രസ് 13 സീറ്റുകള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ വീട്ടുവീഴ്ച ചെയ്യണമെന്ന് സി പി എം ആവശ്യപ്പെടുന്നു. എന്നാല്‍ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും ഇവിടെ സി പി ഐ തയ്യാറായിട്ടില്ല. സിപിഎം എന്തെങ്കിലും വാഗ്ദാനം കൊടുത്തെങ്കില്‍ അതു അവരുടെ ഉത്തരവാദിത്തതില്‍ തന്നെ നടപ്പാക്കണമെന്നാണ് സി പി ഐ പറയുന്നത്.

Latest