Covid19
കൊവിഡ് വാക്‌സിന്‍; സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ വിവരശേഖരണം തുടങ്ങി
		
      																					
              
              
            തിരുവനന്തപുരം | കൊവിഡ് വാക്‌സിന്‍ എത്തിയാല്‍ വിതരണത്തിനായി സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും വിവരശേഖരണം തുടങ്ങി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ആദ്യം നല്‍കുന്നതിന് വേണ്ടിയാണിത്. വാക്‌സിന്‍ ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള സ്റ്റോറേജ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വാക്‌സിന്‍ ജില്ലകളിലേക്കെത്തിക്കുന്നതിനുളള തയാറെടുപ്പുകളും പൂര്‍ത്തിയാക്കി.
ഐ സി എം ആര്‍ നിര്‍ദേശമനുസരിച്ചാണ് സംസ്ഥാനത്ത് വാക്‌സിന്‍ വിതരണത്തിനുള്ള തയാറെടുപ്പുകള്‍ നടക്കുന്നത്. സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ആയുഷ് വകുപ്പിനും ദേശീയ ആരോഗ്യ ദൗത്യത്തിനും കീഴിലുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. ഇതിന് അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന നോഡല്‍ ഓഫീസറെ നിയമിച്ചു കഴിഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ദൗത്യസേന രൂപവത്ക്കരിക്കുകയാണ് അടുത്തതായി ചെയ്യാനുള്ളത്.
ആരോഗ്യ വകുപ്പിലെയും ഇതര വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാകണം ഇത്. ഡാറ്റ ശേഖരിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇവരാണ് നിര്‍വഹിക്കേണ്ടത്.
ആരോഗ്യ പ്രവര്‍ത്തകന്റെ പേര്, വയസ്, ജനന തീയതി, തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിശദ വിവരങ്ങളാണ് ശേഖരിക്കുന്നത്. അടുത്ത പടിയായി വാക്‌സിന്‍ എടുത്ത ആരോഗ്യ പ്രവര്‍ത്തകന്റെ ആരോഗ്യം നിരീക്ഷിക്കും. അടുത്ത ഘട്ടമായി വയോധികര്‍, മറ്റ് അസുഖങ്ങളുള്ളവര്‍ എന്നിവരെ വാക്‌സിന്‍ നല്‍കുന്നതിനായി പരിഗണിക്കും.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
