എൻജിനും ലാൻഡിംഗ് ഗിയറും തകരാറായി; റഷ്യയിൽ വിമാനം റൺവേയിൽ ഇടിച്ചിറക്കി

Posted on: November 13, 2020 10:41 pm | Last updated: November 13, 2020 at 10:41 pm
മോസ്‌കോ | റഷ്യയിലെ നോവോസിബിർസ്ക് ടോൾമാ ചെവോ വിമാനത്താവളത്തിൽ എൻജിനും ലാൻഡിംഗ് ഗിയറും തകരാറിലായതിനെ തുടർന്ന് വിമാനം റൺവേയിൽ ഇടിച്ചിറക്കി. വിമാനത്തിലെ  14 യാത്രക്കാരും സുരക്ഷിതരാണെന്ന് റഷ്യൻ വ്യോമയാന മന്ത്രാലയം അറിയിച്ചു.

അന്റോനോവ് ആൻ -124 വിമാനമാണ് ഇടിച്ചിറക്കിയത്. നോവോസി ബിർസ്കിൽ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനത്തിന്  എഞ്ചിൻ തകരാർ കണ്ടെത്തുകയായിരുന്നു. വിമാനം റൺ‌വേയിൽ നിന്നും 200 മീറ്റർ തെന്നിമാറിയാണ് ലാൻഡിംഗ് നടത്തിയത്.

വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സിയോളിൽ നിന്ന് വിയന്നയിലേക്ക് കാർഗോ ഉത്പന്നങ്ങൾ ചാർട്ടർ ഫ്ലൈറ്റ് സർവ്വീസ് നടത്തിയിരുന്ന വിമാനമാണ്‌  അപകടത്തിൽ പെട്ടത്. സംഭവത്തെ കുറിച്ച് റഷ്യൻ വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.