National
മാപ്പ് പറയില്ല, പിഴയടക്കില്ല; കോടതിയലക്ഷ്യ കേസില്‍ കുനാല്‍ കമ്ര

മുംബൈ | സുപ്രീം കോടതിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന് കോടതിയലക്ഷ്യ കേസ് നേരിടുന്ന സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര നിലപാട് വ്യക്തമാക്കി. പോസ്റ്റ് പിന്‍വലിക്കുകയോ മാപ്പ് പറയുകയോ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
എന്റെ ട്വീറ്റുകള്‍ പിന്‍വലിക്കാനോ മാപ്പ് പറയാനോ ഉദ്ദേശിക്കുന്നില്ല. അവര്‍ക്ക് വേണ്ടിയാണ് അവര്‍ സംസാരിക്കുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അഭിഭാഷകനെ വെക്കില്ല, മാപ്പ് പറയില്ല, പിഴയടക്കില്ല, ഇടം നഷ്ടപ്പെടുത്താനില്ല- എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആത്മഹത്യാപ്രേരണ കേസില്‍ അറസ്റ്റിലായ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യഹരജി അടിയന്തരമായി വാദം കേട്ട് ജാമ്യം അനുവദിച്ച സുപ്രീം കോടതിയുടെ സമീപനത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിനാണ് കുനാല്‍ കമ്രക്കെതിരെ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തത്. കുനാല്‍ കമ്ര എല്ലാ സീമകളും ലംഘിച്ചുവെന്നാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ നിലപാട് അറിയിച്ചത്. കമ്രക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യാന്‍ എട്ട് പേരെ അറ്റോര്‍ണി ജനറല്‍ അനുവദിച്ചിട്ടുമുണ്ട്.