Connect with us

Kerala

പ്ലസ് ടു കോഴ, അനധികൃത സ്വത്ത് സമ്പാദനം: ചോദ്യം ചെയ്യലിൽ തകർന്നത് ഷാജി ഉയർത്തിയ പ്രതിരോധം

Published

|

Last Updated

കോഴിക്കോട് | പ്ലസ് ടു കോഴ, അനധികൃത സ്വത്ത് സമ്പാദനക്കേസുകളിൽ കെ എം ഷാജി എം എൽ എയെ ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി)വീണ്ടും ചോദ്യം ചെയ്തപ്പോൾ തകർന്നുവീണത് ആരോപണം ഉയർന്നപ്പോൾ ഷാജി പൊതു സമൂഹത്തിൽ പറഞ്ഞ കാര്യങ്ങൾ. ആദ്യ ദിവസം 14 മണിക്കൂർ ചോദ്യം ചെയ്തതിൽ നിന്ന് ഉരുത്തിരിഞ്ഞ വസ്തുതകളും ഐ എൻ എൽ നേതാവ് നൽകിയ പരാതിയിൽ ഉന്നയിച്ച കാര്യങ്ങളും ഉൾപ്പെടുത്തിയായിരുന്നു ഇന്നലെ ചോദ്യം ചെയ്യൽ. ഭാര്യയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളും ഷാജിയുടെ മൊഴികളും തമ്മിൽ വൈരുധ്യമുണ്ടായിരുന്നുവെന്നാണ് വിവരം.

താൻ വർഷാവർഷം കർണാടകയിലേക്ക് ഇഞ്ചി കടത്തുന്ന ആളാണെന്നായിരുന്നു ആരോപണം ഉയർന്നപ്പോൾ ഷാജിയുടെ ആദ്യ പ്രതികരണം. എന്നാൽ കോടികളുടെ വരുമാന സ്രോതസ്സിൽ ഇഞ്ചികൃഷി നടത്തിയ സ്വന്തം കൃഷി ഭൂമിയുടെ രേഖയോ പാട്ടക്കരാറോ ഇഞ്ചി വിൽപ്പന നടത്തിയ ബില്ലുകളോ പണം സ്വീകരിച്ചതിന്റെ തെളിവോ ഷാജിക്ക് സമർപ്പിക്കാൻ കഴിഞ്ഞില്ലെന്നാണ് അറിയുന്നത്.

താൻ ജന്മനാ സമ്പന്നനാണെന്ന് പറഞ്ഞിരുന്ന ഷാജി വീടുണ്ടാക്കാൻ സാമ്പത്തിക സഹായം നൽകിയത് ഭാര്യാ വീട്ടുകാരാണെന്ന് മൊഴി നൽകിയതോടെ സ്വയം വെട്ടിലായി. ഭാര്യപിതാവ് ലക്ഷങ്ങൾ സഹായിച്ചെങ്കിൽ, വിരമിച്ച പി ഡബ്ല്യു ഡി എക്‌സിക്യൂട്ടീവ് എൻജിനീയറായ ഭാര്യാ പിതാവിലേക്കും അന്വേഷണം നീങ്ങിയേക്കും. സർവീസിലുള്ളപ്പോൾ ഭാര്യാപിതാവിന്റെ ട്രാക്ക് റെക്കോർഡുകൾ പരിശോധിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നാണ് സൂചന.ഷാജിയുടെ സാമ്പത്തിക സ്രോ തസ്സ് എന്താണെന്ന് അറിയില്ലെന്ന് ഭാര്യ മൊഴി നൽകിയതും പണം ഭാര്യാ വീട്ടുകാർ നൽകിയെന്ന മൊഴിയും വൈരുധ്യം സൃഷ്ടിച്ചു.

കൽപ്പറ്റയിലെ സ്വർണക്കടയിൽ തനിക്ക് പങ്കാളിത്തം ഉണ്ടായിരുന്നതായും ജനപ്രതിനിധി ആയ ശേഷം പങ്കാളിത്തം ഒഴിഞ്ഞെന്നുമുള്ള ഷാജിയുടെ മൊഴിയിൽ സംശയമുണ്ട്. വീട് നിർമാണത്തിന് പത്ത് ലക്ഷം രൂപ വായ്പ എടുത്തതിന്റെ രേഖ മാത്രമാണ് ഷാജിക്ക് സമർപ്പിക്കാനായത്. വാഹനങ്ങൾ വിറ്റപണവും വീട് നിർമാണത്തിന് ഉപയോഗിച്ചു എന്ന മൊഴിയും വിശദീകരിക്കാൻ കഴിഞ്ഞില്ലെന്നാണ് സൂചന.

ഐ എൻ എൽ നേതാവ് എൻ കെ അബ്ദുൽ അസീസ് ഇ ഡി അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ ഷാജിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 150 തവണയെങ്കിലും ഷാജി വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നും ഈ യാത്രകളൊന്നും നിയമസഭാ സാമാജികൻ എന്ന നിലയിൽ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.
ഹവാലാ ഇടപാടുകളിലെ ഷാജിയുടെ പങ്കാളിത്തത്തെ കുറിച്ചായിരുന്നു പരാതിയിൽ പ്രധാനമായി ഉന്നയിച്ചത്. താമരശ്ശേരിക്കാരായ രണ്ട് വ്യക്തികളുമായി ഷാജിക്കുള്ള ബന്ധം ദൂരൂഹമാണെന്നാണ് പറയുന്നത്.

ഇതിൽ ഒരാൾ സീരിയൽ നടിയുടെ മരണവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ആളാണ്. ഷാജിയുടെ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന താമരശ്ശേരിയിലെ ബന്ധുവായ ഒരു പ്രാദേശിക കോൺഗ്രസ് നേതാവിന്റെ ഇടപാടുകളും ദുരൂഹമാണെന്ന് പരാതിയിൽ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കൊന്നും കൃത്യമായി ഉത്തരം ഷാജിക്ക് നൽകാനായിട്ടില്ലെന്നാണ് സൂചന.

Latest