ആഇശക്കിത് ആഗ്രഹ സാഫല്യം; ഇനി ഡല്‍ഹി എയിംസില്‍

Posted on: November 11, 2020 10:39 am | Last updated: November 11, 2020 at 10:39 am

കൊയിലാണ്ടി | സ്വപ്‌ന സാഫല്യത്തിന്റെ ആഹ്ലാദത്തിലാണ് എസ് ആഇശ. ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പഠനം നടത്തണമെന്ന തന്റെ ലക്ഷ്യം ആഇശക്ക് ഇന്നലെ സ്വന്തമായി. സഹോദരന്‍ അശ്ഫാഖിന്റെ കൂടെ ഡല്‍ഹിയിലെ സ്ഥാപനത്തില്‍ എത്തി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി. ഡിസംബര്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കുന്നതോടെ കാര്‍ഡിയോളജിയില്‍ മികച്ച ഡോക് ടറാകാനുള്ള പഠന വഴിയില്‍ ഈ പ്രതിഭ വ്യാപൃതയാകും.

നീറ്റ് പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ പന്ത്രണ്ടാം റാങ്കും സംസ്ഥാനത്ത് ഒന്നാം റാങ്കും നേടിയാണ് ആഇശ നാടിന്റെ അഭിമാനമായത്. കൊയിലാണ്ടി കൊല്ലം ഷാജിയില്‍ എ പി അബ്ദുര്‍റസാഖിന്റെയും വി പി ഷമീമയുടെയും മകളാണ്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മാര്‍ക്കോടെ അഭിമാന നേട്ടമാണ് ആഇശ കൈവരിച്ചത്. കഠിന പരിശ്രമത്തിലൂടെ വിജയം നേടിയ ആഇശക്ക് സമൂഹത്തിന്റെ നാനാഭാഗത്തു നിന്നും അഭിനന്ദന പ്രവാഹമായിരുന്നു.

ആതുര ശുശ്രൂഷാ മേഖലയിലും തിളക്കമാര്‍ന്ന നേട്ടം കൈവരിക്കാന്‍ ആഇശക്കു സാധിക്കട്ടെ എന്ന പ്രാര്‍ഥനയിലാണ് നാടും കുടുംബവും.