Connect with us

Kerala

കോഴക്കേസില്‍ കെ എം ഷാജിയെ ഇഡി 14 മണിക്കൂറിലധികം ചോദ്യം ചെയ്തു; ഇന്നും തുടരും.

Published

|

Last Updated

കോഴിക്കോട് | പ്ലസ്ടു കോഴയുമായി ബന്ധപ്പെട്ട കേസില്‍ മുസ്ലിം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെ എം ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പതിനാലര മണിക്കൂര്‍ ചോദ്യം ചെയ്തു. കോഴിക്കോട്ടെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ രാവിലെ പത്ത് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 11.45 വരെ നീണ്ടു. ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമായിരുന്നുവെന്ന് ചോദ്യം ചെയ്യല്‍ കഴിഞ്ഞിറങ്ങിയ ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചു. അഴീക്കോട് സ്‌കൂളുമായി ബന്ധപ്പെട്ട വിഷയമാണ് ചോദിച്ചതെന്നും സത്യം ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാവിലെ 9.45ഓടെയാണ് ഷാജി ഇ ഡിയുടെ കോഴിക്കോട് കല്ലായിലുള്ള ഓഫീസിലെത്തിയത്. കൃത്യം പത്തിന് തന്നെ നേരത്തെ നല്‍കിയ നോട്ടീസ് പ്രകാരം ചോദ്യം ചെയ്യല്‍ ആരംഭിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നും കാര്യങ്ങള്‍ വിശദമായി പറയാനുണ്ടെന്നും ചോദ്യം ചെയ്യലിനായി ഇ ഡി ഓഫീസിലേക്ക് പ്രവേശിക്കവെ ഷാജി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയെ ഇന്നലെ ഇ ഡി ചോദ്യം ചെയ്തിരുന്നു. രാവിലെ പത്തിന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രിയോളം നീണ്ടശേഷമാണ് ഇവരെ വിട്ടയച്ചത്. ഭാര്യയില്‍ നിന്ന് ലഭിച്ച തെളിവുകളും ഷാജിയെ ചോദ്യം ചെയ്യലിന് ഉപയോഗിച്ചേക്കും.

അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ഇഡി ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ ഭാര്യയുടെ പേരില്‍ കോഴിക്കോട് മാലൂര്‍ കുന്നില്‍ നിര്‍മിച്ച ആഡംബര വീടിനെ കുറിച്ചും ഇഡി ചോദിച്ചതായാണ് സൂചന. പ്ലസ്ടു കോഴ വാങ്ങിയെന്ന് പറയുന്ന കാലഘട്ടത്തിലായിരുന്നു ഈ വീട് നിര്‍മിച്ചത്. വീട് സ്ഥിതി ചെയ്യുന്ന സ്ഥലം സംബന്ധിച്ചും ഇത് വാങ്ങാനും വീട് നിര്‍മിക്കാനും ഉപയോഗിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചും ഇ ഡി ചോദിച്ചറിയും. ഷാജിയുടെ പേരിലുള്ള മറ്റു സ്വത്തുക്കളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

വീടുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പറേഷനാണ് ഇ ഡിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നാലു വര്‍ഷം മുമ്പ് ഷാജി നിര്‍മിച്ച വീട് കോര്‍പറേഷന്‍ അനുമതി നല്‍കിയതിനേക്കാള്‍ കൂടുതല്‍ വലിപ്പത്തിലാണ് വീട് നിര്‍മിച്ചതെന്നാണ് കണ്ടെത്തല്‍. ഇതിന്റെ വിശദവിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് 27 ന് കോര്‍പറേഷന്‍ അധികൃതര്‍ ഇഡിക്ക് മുമ്പാകെ സമര്‍പ്പിച്ചിക്കുകയായിരുന്നു. കോഴ വിവാദത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി എന്നിവരില്‍ നിന്നും ഇ ഡി നേരത്തെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.