119 സീറ്റുകളില്‍ വിജയിച്ചുവെന്ന് മഹാസഖ്യം; റിട്ടേണിംഗ് ഓഫീസര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് തരുന്നില്ലെന്നും ആരോപണം

Posted on: November 10, 2020 10:18 pm | Last updated: November 11, 2020 at 7:59 am

പറ്റ്‌ന | ബീഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കെ 119 സീറ്റുകളില്‍ വിജയിച്ചുവെന്ന അവകാശവാദവുമായി മഹാസഖ്യം രംഗത്ത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ ഫലം എന്‍ഡിഎക്ക് അനുകൂലമാക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയും പോളിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു.

വോട്ടെണ്ണല്‍ 12 മണിക്കൂര്‍ പിന്നിട്ട ഘട്ടത്തില്‍ തേജസ്വി യാദവ് വിജയിച്ച മഹാസഖ്യം സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ട്വീറ്റ് ചെയ്തു. വോട്ടെണ്ണല്‍ കഴിഞ്ഞ ഉടന്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ അഭിനന്ദിച്ചതായും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് ഇലക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

സമാനമായ ആരോപണങ്ങളുമായി കോണ്‍ഗ്രസും രംഗത്ത് വന്നു. രജാപകര്‍ സീറ്റില്‍ തങ്ങളുടെ സ്ഥാനാര്‍ഥി 1720 വോട്ടുകള്‍ക്ക് ജയിച്ചുവെന്ന് ആദ്യം അറിയിക്കുകയും എന്നാല്‍ പിന്നീട് സര്‍ട്ടിഫിക്കറ്റ് തരാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചുവെന്നും രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.