Editorial
ചെലവ് ചുരുക്കല്‍ പ്രഖ്യാപനം ജലരേഖയാകരുത്

കൊവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ടാമതൊരു ചെലവ് ചുരുക്കല്‍ കൂടി പ്രഖ്യാപിച്ചിരിക്കുന്നു സംസ്ഥാന സര്‍ക്കാര്‍. പദ്ധതിച്ചെലവ് ചുരുക്കുന്നതു മുതല്‍ ഓഫീസുകളിലെ പാഴ് വസ്തുക്കള്‍ ലേലം ചെയ്യുന്നതു വരെയുള്ള നടപടികളാണ് വിദഗ്ധ സമിതികള്‍ നല്‍കിയ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ധനവകുപ്പ് പ്രഖ്യാപിച്ചത്. സെപ്തംബര്‍ 16ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയ ഈ പദ്ധതിയനുസരിച്ച് ശമ്പളമില്ലാതെ അവധിയെടുക്കാനുള്ള കാലാവധി ഇനി അഞ്ച് വര്‍ഷമായി ചുരുങ്ങും. 20 വര്‍ഷമായിരുന്നു ഇതുവരെയും.
അവസാനിപ്പിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ തുടരുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി മറ്റു വകുപ്പുകളിലേക്ക് മാറ്റും. ഒരു വര്‍ഷം വരെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മോടിപിടിപ്പിക്കുകയോ പുതിയ ഫര്‍ണീച്ചറും വാഹനങ്ങളും വാങ്ങുകയോ ഇല്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും ഇനിയും ഉപയോഗിക്കാന്‍ പറ്റാത്ത സാധനങ്ങളെല്ലാം മൂന്ന് മാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ ലേലത്തില്‍ വില്‍ക്കും. ഔദ്യോഗിക ചര്‍ച്ചകളും യോഗങ്ങളും പരിശീലനങ്ങളുമെല്ലാം കഴിയുന്നതും ഓണ്‍ലൈനിലൂടെ മാത്രമാക്കും. എയ്ഡഡ് സ്‌കൂള്‍, കോളജ് നിയമനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം വരും. ഇതിനായി നിയമത്തിലും ചട്ടത്തിലും ഒരു മാസത്തിനകം മാറ്റം വരുത്താന്‍ പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. പ്രഖ്യാപിത തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ തന്നെ, കഴിഞ്ഞ ഏപ്രിലില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിയമസഭയില്‍ പത്തിന ചെലവ് ചുരുക്കല്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. നിയമസഭാ സെക്രട്ടേറിയറ്റില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നത് പൂര്‍ണമായും മരവിപ്പിക്കുക, സെക്രട്ടേറിയറ്റിന്റെ പരിഗണനയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ഒരു പ്രവൃത്തി ഒഴികെയുള്ള മറ്റെല്ലാം നിര്‍ത്തിവെക്കുക, സാമാജികരുടെ വാസസ്ഥലത്ത് ഏറ്റവും അനിവാര്യമായതല്ലാത്ത അറ്റകുറ്റപ്പണികള്‍ നിയന്ത്രിക്കുക, വാഹനങ്ങളുടെ വിനിയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക, നിയമസഭാ സമിതികളുടെ അന്തര്‍ സംസ്ഥാന പഠന യാത്രകള്‍ നിയന്ത്രിക്കുക തുടങ്ങിയവയൊക്കെയായിരുന്നു അന്നത്തെ നിര്‍ദേശങ്ങള്‍. മഹാമാരിയെ പേടിച്ച് അന്തര്‍ സംസ്ഥാന പഠന യാത്രകള്‍ക്കും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഊരുചുറ്റലിനും അൽപ്പം കുറവു വന്നുവെന്നല്ലാതെ മറ്റു പല തീരുമാനങ്ങളും ലംഘിക്കപ്പെടുകയുണ്ടായി. സാമാജികരുടെ വാസസ്ഥലങ്ങളുടെ അറ്റകുറ്റ പണികളും മോടിപിടിപ്പിക്കലും നിര്‍ബാധം തുടരുന്നു. നേരിട്ടുള്ള നിയമനങ്ങള്‍ നടക്കുന്നില്ലെങ്കിലും പിന്‍വാതില്‍ നിയമനം യഥേഷ്ടം നടക്കുന്നുണ്ട്.
തിരുവനന്തപുരം കെ എസ് ആര്‍ ടി സി ടെര്‍മിനലില്‍ സജ്ജീകരിക്കുന്ന വനിതാ കമ്മീഷന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉള്‍വശം മോടിപിടിപ്പിക്കാന്‍ 75 ലക്ഷം രൂപ അനുവദിച്ചത് ആഴ്ചകള്‍ക്കു മുമ്പാണ്. ഒരു കോടി പത്ത് ലക്ഷമായിരുന്നു കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്. മൂന്നര കോടിയിലധികം രൂപ ചെലവഴിച്ചാണ് ഒരു മാസം മുമ്പ് കേരള ടൂറിസം വകുപ്പ് ഓണ്‍ലൈന്‍ പാചക മത്സരം സംഘടിപ്പിച്ചത്. കേരളത്തനിമയുള്ള വിഭവങ്ങളെ വിനോദ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുകയാണത്രെ ലക്ഷ്യം. ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെ നിയമിതനായ എ സമ്പത്തിന് കേരള ഹൗസിനു പുറത്ത് പ്രത്യേക വസതിയും ഓഫീസും വാഹനവും അനുവദിച്ചതും കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടെയായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ ഓഫീസ് ലോഞ്ചില്‍ ടി വിയും മ്യൂസിക് സിസ്റ്റവും സ്ഥാപിക്കാന്‍ ചെലവഴിച്ചത് 2.89 ലക്ഷം രൂപയാണ്. കൊവിഡ് പ്രതിരോധത്തിനായി കൂടുതല്‍ പണം കണ്ടെത്തേണ്ട സാഹചര്യത്തില്‍ ഉദ്യോഗസ്ഥ പ്രമുഖരുടെയും കമ്മീഷന്‍ മേധാവികളുടെയും ഓഫീസുകള്‍ ലക്ഷങ്ങള്‍ പൊടിപൊടിച്ച് മോടി കൂട്ടാന്‍ ധൃതികൂട്ടുന്നതെന്തിന് എന്ന ചോദ്യത്തിന് അധികൃതര്‍ക്ക് മറുപടിയില്ല.
സംസ്ഥാനം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പൊതുജനം മുണ്ടുമുറുക്കിയുടുക്കണമെന്ന് സര്‍ക്കാര്‍ അടിക്കടി ഉത്‌ബോധിപ്പിച്ചു കൊണ്ടിരിക്കെ ജനത്തിന് ഗുണമില്ലാത്ത പദ്ധതികളും ജീവനക്കാര്‍ വെറുതെ ഇരിക്കുന്ന ഓഫീസുകളും അവസാനിപ്പിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ തുടരുന്ന ഉദ്യോഗസ്ഥരും സംസ്ഥാനത്ത് നിരവധിയാണ്. 19 വര്‍ഷം മുമ്പാണ് ഗ്രാമീണ മേഖലയില്‍ ശുദ്ധജലമെത്തിക്കുന്നതിനുള്ള ജലനിധി പദ്ധതിക്കായി ജലവിഭവ വകുപ്പ് ലോക ബേങ്കുമായി കരാറില്‍ ഒപ്പിട്ടത്. രണ്ട് വര്‍ഷത്തോളമായി ലോക ബേങ്ക് ഈ കരാര്‍ അവസാനിപ്പിച്ചിട്ട്. എന്നാല്‍ ചില ജലനിധി ഓഫീസുകളും ഉദ്യോഗസ്ഥരും ഇപ്പോഴും തുടരുകയും ആനുകൂല്യങ്ങള്‍ കൈപറ്റിക്കൊണ്ടിരിക്കുകയുമാണ്. കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അലസതയും മെല്ലെപ്പോക്കും കാരണം പദ്ധതി പ്രവര്‍ത്തനങ്ങള്‍ നീളുന്നതിലൂടെയും പൊതുഖജനാവിന് കോടികള്‍ നഷ്ടമാകുന്നു. രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഭൂതത്താന്‍കെട്ട് ജലവൈദ്യുതി പദ്ധതിക്ക് ഏഴ് വര്‍ഷം മുമ്പ് തുടക്കം കുറിച്ചത്. ഇപ്പോഴും പദ്ധതി പൂര്‍ണമായിട്ടില്ല. വര്‍ഷാന്തം 2.56 കോടി രൂപ ഈ പദ്ധതിയിലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാനായി മാത്രം നല്‍കി വരുന്നു.
ചെലവ് ചുരുക്കല്‍ പദ്ധതി കേവലം ജലരേഖയായി മാറുന്നത് ഈ സര്‍ക്കാറിന്റെ കാലത്തെ മാത്രം പ്രവണതയല്ല. 2001ല്‍ ആന്റണിയുടെ നേതൃത്വത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റ കാലത്ത് കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇത് പരിഹരിക്കുന്നതിന് ഭരണച്ചെലവ് കര്‍ശനമായി നിയന്ത്രിക്കാന്‍ തീരുമാനിച്ചു. കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം കൂടുതലാണെന്നും അവര്‍ പണിയെടുക്കാതെ ശമ്പളവും ആനുകൂല്യങ്ങളും പറ്റുകയാണെന്നും പറഞ്ഞു കൊണ്ടാണ് ആന്റണി അന്ന് ജീവനക്കാരുടെ ചില ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത്. എന്നാല്‍ ഉദ്യോഗസ്ഥ കൂട്ടായ്മയുടെ ശക്തമായ എതിര്‍പ്പിനു മുന്നില്‍ ആന്റണി സര്‍ക്കാറിനു മുട്ടുമടക്കേണ്ടി വന്നു. വെട്ടിക്കുറച്ച ആനുകൂല്യങ്ങളെല്ലാം അതേപടി പുനഃസ്ഥാപിച്ചു. സര്‍ക്കാറും ഉദ്യോഗസ്ഥവൃന്ദവും ഒന്നിച്ചു മനസ്സുവെച്ചാലേ ചെലവ് ചുരുക്കാനാകൂ. എന്നാല്‍ ബ്യൂറോക്രസിയുടെ സഹകരണം ഇക്കാര്യത്തില്‍ ഒരുകാലത്തും ലഭിക്കാറില്ല. പുതിയ ചെലവ് ചുരുക്കല്‍ നടപടികളുടെയും പരിണതി മറ്റൊന്നാകാന്‍ തരമില്ല.