മുസ്ലിംലീഗ് നേതാവ് സി മോയിന്‍കുട്ടി അന്തരിച്ചു

Posted on: November 9, 2020 9:35 am | Last updated: November 9, 2020 at 11:44 am

കോാഴിക്കോട് |  മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം എല്‍ എയുമായ സി മോയിന്‍കുട്ടി (77) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലായി 15 വര്‍ഷത്തോളം അദ്ദേഹം നിയമസഭാ അംഗമായിരുന്നു. 1996മുതല്‍ 2001 വരെ കൊടുവള്ളി മണ്ഡലത്തേയും 2001 മുതല്‍ 2006 വരേയും 2011 മുതല്‍ 2016 വരേയും തിരുവമ്പാടി മണ്ഡലത്തേയും അദ്ദേഹം പ്രതിനിധീകരിച്ചു.

കോഴിക്കോടിന്റെ മലയോര മേഖലയിലല്‍ യു ഡി എഫിന്റെ ഏറ്റവും ശക്തനായ നേതാവായിരുന്നു അദ്ദേഹം. താമരശ്ശേരിക്കടത്ത് അണ്ടോ സ്വദേശിയായ മോയിന്‍കുട്ടി യൂത്ത്‌ലീഗിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയത്. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന വഖ്ഫ്‌നബോര്‍ഡ് അംഗം, കെ എസ് ആര്‍ ടി സി അഡൈ്വസറി ബോര്‍ഡ് അംഗം, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി, ട്രഷറര്‍, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഖബറടക്കം ഉച്ചക്ക് ഒരു മണിക്ക് ജന്മനാടായ അണ്ടോണയില്‍ നടക്കും.

പരേതരായ അഹമ്മദ്കുട്ടി ഹാജിയുടേയും കുഞ്ഞി ഉമ്മച്ചയുടേയും മകനായി 1943 ആഗസ്റ്റ് അഞ്ചിനാണ് ജനനം. ഭാര്യ: ഖദീജ. മക്കള്‍: അന്‍സാര്‍ എം അഹമ്മദ്, ഹസീന, മുബീന.

മരുമക്കള്‍: എം പി മുസ്തഫ, എന്‍ സി അലി, യു സി അഇശ.
സഹോദരങ്ങള്‍: പി സി അബ്ദുല്‍ ഹമീദ്, പി സി ഉമ്മര്‍കുട്ടി, പി സി അബ്ദുല്‍ റശീദ്, അബ്ദു നാസര്‍, അഇശ, റാബിയ, നസീമ.