അശാന്ത തീരങ്ങളിലെ സത്യപ്രഘോഷണങ്ങൾ

Posted on: November 8, 2020 1:29 pm | Last updated: November 12, 2020 at 1:38 pm
റോബർട്ട് ഫിസ്ക്

‘ഇപ്പോഴത്തെ നമ്മുടെ ഭരണാധികാരികളാരും യുദ്ധഭൂമി കണ്ടിട്ടില്ല. ടെലിവിഷനിൽ കാണുന്നത് മാത്രമാണ് അവരുടെ യുദ്ധാനുഭവം. അതുകൊണ്ടുതന്നെ വെടിനിർത്തലിനെപ്പറ്റിയും സമാധാനത്തെപ്പറ്റിയും അവർ ഘോരഘോരം പ്രസംഗിക്കുമ്പോൾ അതിൽ ആത്മാർഥതയുടെ ഒരു തരിമ്പുമില്ലെന്ന് മനസ്സിലാക്കാം’.

ഈയിടെ അന്തരിച്ച, രാജ്യാന്തര പ്രശസ്തി നേടിയ ബ്രിട്ടീഷ് പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ റോബർട്ട് ഫിസ്ക് (Robert Fisk) ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണിത്. ഇസ്റാഈൽ – ഫലസ്തീൻ പ്രശ്നങ്ങളെയും മധ്യ പൂർവ രാഷ്ട്രങ്ങളിലെ അശാന്തമായ രാഷ്ട്രീയ സാഹചര്യങ്ങളെയും പരാമർശിക്കുമ്പോഴായിരുന്നു അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ബ്രിട്ടനിലെ “ദി ഇൻഡിപെൻഡന്റ്’ പത്രത്തിന്റെ വിദേശകാര്യ ലേഖകനായിരുന്ന റോബർട്ട് ഫിസ്ക് അറബ് വസന്തവും സിറിയൻ ആഭ്യന്തര കലാപവും പോലെയുള്ള നിരവധി ലോക സംഭവങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച പത്രപ്രവർത്തകനാണ്. ഇംഗ്ലണ്ടിലെ കെന്റ് പ്രവിശ്യയിലുള്ള മെയ്ഡ് സ്റ്റോണിൽ 1946 ജൂലൈ 12 നു ജനിച്ച അദ്ദേഹം 1972 ലാണ് പത്രപ്രവർത്തനത്തിന്റെ മേഖലയിലേക്ക് പ്രവേശിക്കുന്നത്. അധികം വൈകാതെ “ദി ടൈംസ്’ പത്രത്തിന്റെ വടക്കൻ അയർലണ്ടിലെ കറസ്പോണ്ടന്റ് ആയി അദ്ദേഹം ചുമതലയേറ്റു.
അവിടുത്തെ അശാന്തമായ രാഷ്ട്രീയ സാമൂഹിക സ്ഥിതിഗതികളെ തികഞ്ഞ സത്യസന്ധതയോടെ അവതരിപ്പിച്ചുകൊണ്ടാണ് ശ്രദ്ധേയനായ പത്രപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം തന്റെ ചുവടുറപ്പിക്കുന്നത്.

അതിൽപിന്നെ നിരവധി യുദ്ധങ്ങളും അധിനിവേശങ്ങളും കലാപങ്ങളും ഫിസ്‌കിന്റെ തൂലികയിലൂടെയാണ് ലോകം അറിഞ്ഞത്. ലബനോണിലെ ആഭ്യന്തര കലാപം, ഇറാനിൽ നടന്ന ഇസ്്ലാമിക വിപ്ലവം, ഇറാൻ – ഇറാഖ് യുദ്ധം, അൾജീരിയായിലും ബോസ്‌നിയയിലും നടന്ന യുദ്ധങ്ങൾ, സോവിയറ്റ് യൂനിയന്റെ അഫ്ഗാനിലേക്കും, ഇസ്റാഈലിന്റെ ഫലസ്തീനിലേക്കും, അമേരിക്കയുടെ ഇറാഖിലേക്കും, സദ്ദാം ഹുസൈന്റെ കുവൈത്തിലേക്കുമുള്ള അധിനിവേശങ്ങൾ എന്നിവയുടെ നേർക്കാഴ്ചകൾ അദ്ദേഹം സത്യസന്ധമായി അവതരിപ്പിച്ചു. ഈ വിഷയങ്ങളെ അധികരിച്ചുകൊണ്ട് അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളും ലോകം മുഴുവൻ ശ്രദ്ധിക്കപ്പെടുകയുണ്ടായി. The Point of No Return (1975), In Time of War (1983), Pity the Nation:Lebanon at War (2001), The Great War for Civilization (2005), The Age of the Warriors (2005) എന്നിവയാണ് ഫിസ്‌കിന്റെ വിഖ്യാത ഗ്രന്ഥങ്ങൾ.

പത്രപ്രവർത്തനത്തിന് ധീരതയുടെ മുദ്രയണിയിച്ച റോബർട്ട്‌ ഫിസ്ക് സ്വതന്ത്ര ചിന്തയുടെ ശക്തനായ വക്താവായിരുന്നു. സത്യസന്ധതയും നിർഭയത്വവുമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിന് ശക്തിയും ഓജസ്സും നൽകിയത്. ഫിസ്‌കിന്റെ വൈകാരികത മുറ്റിനിൽക്കുന്ന ആർജവമുള്ള ഭാഷ ലോകമെമ്പാടുമുള്ള വായനക്കാരെ ആകർഷിച്ചു. ചോരച്ചാലുകൾ കുത്തിയൊഴുകുന്ന രണഭൂമികളിലും അപകടകരമായ കലാപ പ്രദേശങ്ങളിലും അധിനിവേശം തകർത്ത അശാന്തതീരങ്ങളിലും അദ്ദേഹം വാർത്തകൾക്കു വേണ്ടി അലഞ്ഞു; കണ്ടതെല്ലാം ലോകത്തിനു മുന്നിൽ സത്യസന്ധതയുടെ നേർക്കാഴ്ചകളാക്കി. ലോകനേതാക്കളുമായും ഭീകരസംഘടനകളുടെ തലവന്മാരുമായും കൂടിക്കാഴ്ചകൾ നടത്തി. അൽക്വയ്‌ദ നേതാവ് ഒസാമ ബിൻ ലാദനെ മൂന്ന് പ്രാവശ്യം അദ്ദേഹം ഇന്റർവ്യൂ ചെയ്തു എന്നത് പത്രലോകത്ത് ഇന്നും വിസ്മയമായ ഒരു വാർത്തയായി നിൽക്കുകയാണ്. സുരക്ഷിത താവളങ്ങളിലിരുന്നുകൊണ്ട് വാർത്തകൾ ശേഖരിക്കുന്ന പത്രപ്രവർത്തകരോട് ഫിസ്കിന് എന്നും പുച്ഛമായിരുന്നു. അത്തരം പത്രപ്രവർത്തനത്തെ ഹോട്ടൽ ജേർണലിസം എന്നു വിളിച്ച് കളിയാക്കിയ അദ്ദേഹം അതൊരിക്കലും തനിക്ക് യോജിച്ചതല്ലെന്ന് തുറന്നു പറയുകയും ചെയ്തിരുന്നു. “സത്യം മാത്രം അവതരിപ്പിക്കുക, അതിന്റെ അനന്തരഫലങ്ങൾ എന്തുതന്നെയായാലും’ – അതായിരുന്നു ഫിസ്‌കിന്റെ നിലപാട്.

നിഷ്പക്ഷതയും നൈതികതയും എക്കാലവും മുറുകെ പിടിച്ച പത്രപ്രവർത്തകനായിരുന്നു റോബർട്ട്‌ ഫിസ്ക്. പാശ്ചാത്യ പത്രപ്രവർത്തന മേഖലയിലെ ഭൂരിപക്ഷം പേരും സാമ്രാജ്യത്വ ശക്തികളുടെ പാദസേവകരോ പിണിയാളുകളോ ആയി സ്വകാര്യ ജീവിതത്തിൽ വൻ നേട്ടങ്ങൾ കൊയ്തെടുക്കുമ്പോൾ ഫിസ്ക് സത്യത്തിന്റെ പിന്നാലെ പോകാനാണ് ഇഷ്ടപ്പെട്ടത്. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ പരസ്യമായി തള്ളിപ്പറഞ്ഞ അദ്ദേഹം ഇസ്്റാഈലിന്റെ ഫലസ്തീൻ ആക്രമണങ്ങളെയും അമേരിക്കയുടെ ഇറാഖിലേക്കുള്ള സൈനിക നീക്കങ്ങളെയും അതിശക്തമായ ഭാഷയിലാണ് അപലപിച്ചത്. നീതി നിഷേധിക്കപ്പെട്ടവരുടെ നാവായി മാറിയ ഫിസ്ക് പത്രപ്രവർത്തനത്തെ മാനവികതയുടെ അടയാളമാക്കി മാറ്റുന്നതെങ്ങനെയെന്നു ലോകത്തിനു കാണിച്ചു കൊടുത്തു.

ഭരണാധികാരികളുടെ അനീതികളെ അദ്ദേഹം നിർഭയം, നിർദയം തൊലിയുരിച്ചു കാട്ടി. ഇസ്‌റഈലിന്റെ ഒരു അഭയാർഥി ക്യാമ്പ് സന്ദർശിച്ച അനുഭവം അദ്ദേഹം വിവരിക്കുന്നുണ്ട്. “ആയിരക്കണക്കിന് തടവുകാരെ കൊന്നുതള്ളിയ ആ ക്യാമ്പിൽ ഇസ്്റാഈലി ഭടന്മാരുടെ സൂക്ഷ്മ നിരീക്ഷണത്തിൽ, കൊലചെയ്യപ്പെട്ടവരുടെ കുന്നുകൂട്ടിയിട്ട മൃതദേഹങ്ങൾ ചവിട്ടിക്കൊണ്ടുമാത്രമേ എനിക്ക് മുന്നോട്ടു പോകാൻ കഴിഞ്ഞുള്ളു.. അന്ന് വൈകുന്നേരം താമസസ്ഥലത്തെത്തിയപ്പോൾ ആദ്യം ചെയ്തത് ധരിച്ച വസ്ത്രങ്ങൾ അഗ്നിക്കിരയാക്കുകയായിരുന്നു. കാരണം, അതിന് അഴുകിയ മനുഷ്യമാംസത്തിന്റെ ശ്വാസംമുട്ടിക്കുന്ന ഗന്ധമുണ്ടായിരുന്നു..’

മറ്റൊരവസരത്തിൽ അദ്ദേഹം ഇങ്ങനെ എഴുതുകയുണ്ടായി. “ലെബനോനിലെ ആസ്പത്രികളിലും തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും കൈകാലുകൾ ഛേദിക്കപ്പെട്ട അനേകം പിഞ്ചുകുട്ടികളുടെ ആക്രന്ദനങ്ങൾക്ക് ഞാൻ സാക്ഷിയായിട്ടുണ്ട്. പിന്നീട് ബെയ്‌റൂട്ടിൽ തിരിച്ചെത്തി ടെലിവിഷനു മുന്നിലിരിക്കുമ്പോൾ വെടിനിർത്തലിനു വേണ്ടി ഘോരഘോരം വാദിക്കുന്ന ടോണി ബ്ലെയറിന്റെ മുഖം കാണാം. ആത്മാർഥതയുടെ ഒരു തരിമ്പുമില്ലാത്തതായിരുന്നു ആ വാചാടോപം. വെടിനിർത്തൽകൊണ്ട് അവർ ഉദ്ദേശിക്കുന്നത് എതിരാളികളെ ശക്തമായി തിരിച്ചടിക്കാനുള്ള ഒരുക്കങ്ങൾ ചെയ്യുന്നതിന് ഒരിടവേള സൃഷ്ടിക്കുക എന്നതു മാത്രമാണ്. ലെബനോണിലെയും ഫലസ്തീനിലെയും കുട്ടികളുൾപ്പെടെയുള്ള നിരപരാധികളുടെ മരണസംഖ്യ ഉയർത്താൻ മാത്രമേ അതുപകരിക്കുന്നുള്ളൂ എന്നതാണ് സങ്കടകരമായ വസ്തുത . ഭരണാധികാരികൾ പക്ഷേ അതൊന്നും ഗൗനിക്കുന്നേയില്ല…. ‘

ഡബ്ലിനിലെ ട്രിനിറ്റി കോളജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ പി എച്ച് ഡി നേടിയ റോബർട്ട്‌ ഫിസ്ക് പത്രപ്രവർത്തനത്തെ വിശുദ്ധവും ധാർമികവുമായ ഒരു പ്രവൃത്തിയായി കാണാനാണ് ആഗ്രഹിച്ചത്. സമാധാനത്തിലും മാനവികതയിലുമൂന്നിയ ഒരു ലോകക്രമത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടിയാണ് അദ്ദേഹം തന്റെ ചിന്തയെയും എഴുത്തിനെയും ഉപയോഗിച്ചത്. തീർച്ചയായും, പത്രപ്രവർത്തനത്തെ ഒരു ജീവിതോപാധി എന്നതിനുമപ്പുറം ഉദാത്തമായ ഒരു ലോക നവീകരണ പ്രക്രിയയായി കാണുന്നവർക്കെല്ലാം റോബർട്ട്‌ ഫിസ്‌കിന്റെ ഓർമകൾ എന്നെന്നും പ്രചോദനമായിരിക്കുമെന്നതിൽ തർക്കമില്ല.