Connect with us

Ongoing News

പകരക്കാരനായെത്തി മെസ്സി നേടിയത് രണ്ടു ഗോള്‍; ബെറ്റിസിനെ തകര്‍ത്ത് ബാഴ്‌സ

Published

|

Last Updated

ബാഴ്സലോണ | ലാ ലീഗയില്‍ ലയണല്‍ മെസിയുടെ രണ്ടു തകര്‍പ്പന്‍ ഗോളുകള്‍ പിറന്ന മത്സരത്തില്‍ റയല്‍ ബെറ്റിസിനെതിരെ കിടിലന്‍ ജയം സ്വന്തമാക്കി ബാഴ്സലോണ. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് വിജയം. രണ്ടാം പകുതിയില്‍ മൈതാനത്തിറങ്ങിയാണ് മെസ്സി രണ്ടു ഗോള്‍ സ്‌കോര്‍ ചെയ്തത്.

ബാഴ്‌സയാണ് ആദ്യം ഗോള്‍ നേടിയത്. 22ാം മിനുട്ടില്‍ ഓസുമാനെ ഡെംബെലെയുടെ വകയായിരുന്നു ഗോള്‍ (1-0). ആദ്യ പകുതി അവസാനിക്കാനിരിക്കെ അന്റോണിയോ സനാബ്രിയയിലൂടെ ബെറ്റിസ് തിരിച്ചടിച്ചു (1-1).
രണ്ടാം പകുതിയില്‍ ഫാത്തിയെ പിന്‍വലിച്ച് മെസ്സിയെ കളത്തിലിറക്കിയ ബാഴ്‌സ പരിശീലകന്‍ കൊമാന്‍ ആന്‍സുവിന്റെ നീക്കം ഫലം കണ്ടു. 49 ാം മിനുട്ടില്‍ മെസിയുടെ നീക്കത്തില്‍ ബാഴ്‌സ മുന്നിലെത്തി. ഗ്രീസ്മാന്‍ ആണ് ബെറ്റിസ് വല വീണ്ടും കുലുക്കിയത് (2-1).

60 ാം മിനുട്ടില്‍ ബെറ്റിസിന് ഐസ മന്‍ഡിയെ നഷ്ടമായി. മാരകമായ ഫൗളിന് ഐസ ചുവപ്പുകാര്‍ഡ് കണ്ട് പുറത്താവുകയായിരുന്നു. ഈ ഫൗളിന് ലഭിച്ച പെനാല്‍ട്ടി മനോഹരമായി ലക്ഷ്യത്തിലേക്ക് പ്ലേസ് ചെയ്ത് മെസ്സി ബാഴ്സയുടെ ലീഡ് വര്‍ധിപ്പിച്ചു (3-1). 10 പേരുമായി വിട്ടുകൊടുക്കാതെ പൊരുതിയ ബെറ്റിസ് 73 ാം മിനുട്ടില്‍ തങ്ങളുടെ രണ്ടാമത്തെ ഗോള്‍ നേടി. ഗാര്‍സിയയാണ് പന്ത് ബാഴ്‌സ വലയിലെത്തിച്ചത് (3-2). എന്നാല്‍, 82 ാം മിനുട്ടില്‍ മെസ്സിയും 90 ാം മിനുട്ടില്‍ പെഡ്രിയും ഗോള്‍ നേടി ബാഴ്‌സ ജയമുറപ്പിച്ചു.

Latest