Connect with us

International

പിറന്നിരിക്കുന്നത് പുതിയ ചരിത്രം, കറുത്ത വര്‍ഗക്കാരുടെ പോരാട്ടത്തിന്റെ വിജയം: കമല ഹാരിസ്

Published

|

Last Updated

വാഷിങ്ടണ്‍ | അമേരിക്കയില്‍ പുതിയ ചരിത്രം പിറന്നിരിക്കുകയാണെന്ന് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്. രാജ്യത്തിന്റെ നേതൃത്വത്തിലേക്ക് തിരഞ്ഞെടുത്തതിന് വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ വംശജയായ അവര്‍. അമേരിക്കന്‍ ജനത ജനാധിപത്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചുവെന്ന് കമല പറഞ്ഞു. ജനങ്ങളുടെ നീതിക്കും തുല്യതക്കുമായുള്ള കറുത്ത വര്‍ഗക്കാരുടെ ഏറെക്കാലമായുള്ള പോരാട്ടത്തിന്റെ വിജയം കൂടിയാണിത്.
രാജ്യത്തിന്റെ മുറിവുണക്കുന്ന ഐക്യത്തിന്റെ വക്താവാണ് ബൈഡന്‍. രാജ്യം കണ്ട മികച്ച ഭരണാധികാരികളിലൊരാളായി അദ്ദേഹം മാറും. കമല പറഞ്ഞു.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കനും ആദ്യ ഏഷ്യന്‍ വംശജയും കൂടിയാണ് കമല. പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായതു മുതല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപിനുനേരെ ശക്തമായ വിമര്‍ശന ശരങ്ങളാണ് കമല തൊടുത്തുവിട്ടത്. കമലയിലൂടെ സ്ത്രീകളുടെയും കറുത്ത വര്‍ഗക്കാരുടെയും വോട്ടുകളെത്തിയത് ബൈഡന്റെ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.
നിര്‍ണായക വിഷയങ്ങളില്‍ ഇടപെട്ട് നിര്‍ഭയമായ നിലപാടുകള്‍ പ്രഖ്യാപിച്ചതിലൂടെ ശ്രദ്ധേയയായ വ്യക്തിയാണ് കമല. അഭിഭാഷകയായി ജോലിചെയ്യവേ വധശിക്ഷ, സ്വവര്‍ഗ വിവാഹം തുടങ്ങിയവ ഇതിലുള്‍പ്പെടും. കറുത്ത വര്‍ഗക്കാര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളില്‍ യു എസ് പോലീസിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു.

മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ഏറെ അടുത്ത ബന്ധം പുലര്‍ത്തിവരുന്നയാളാണ് കമല. ഇതും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏറെ തുണയായി. ചെന്നൈ സ്വദേശി ശ്യാമള ഗോപാലന്റെയും ജമൈക്കക്കാരനായ ഡൊണാള്‍ഡ് ഹാരിസിന്റെയും മകളായി 1964-ല്‍ കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡിലാണ് കമല ജനിച്ചത്. ഹൊവാഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദവും നേടി. 2003-ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഡിസ്ട്രിക്ട് അറ്റോര്‍ണിയായി. 2010-ല്‍ കാലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലായി.

Latest