ഇരയെ വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം

Posted on: November 7, 2020 2:05 pm | Last updated: November 7, 2020 at 7:33 pm

ചെന്നൈ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍, പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ പ്രതിക്ക് ജാമ്യം. മദ്‌റാസ് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് ജാമ്യം നല്‍കിയത്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 17 വയസ്സാണ് പ്രായം.

2021 ഒക്‌ടോബര്‍ പത്തിന് പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് പ്രതിയോട് കോടതി ആവശ്യപ്പെട്ടു. വിവാഹ ശേഷം വിവാഹ സര്‍ട്ടീഫിക്കറ്റ് പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കണം. സര്‍ട്ടീഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ പ്രതിക്കെതിരെ പോലീസിന് നിയമനടപടിയുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.

പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രേമത്തിലാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ പ്രതിക്ക് ജാമ്യം നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി. 50 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.