ബൈഡന്‍ അനുകൂലികളുടെ പ്രതിഷേധ റാലിക്കിടെ പോലീസുകാരന്റെ മുഖത്തു തുപ്പി; ഇന്ത്യന്‍ വംശജ അറസ്റ്റില്‍

Posted on: November 6, 2020 10:13 pm | Last updated: November 6, 2020 at 10:13 pm

ന്യൂയോര്‍ക്ക് | യു എസില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്റെ അനുകൂലികള്‍ നടത്തിയ പ്രതിഷേധ റാലിക്കിടെ പോലീസുകാരന്റെ മുഖത്ത് തുപ്പിയ ഇന്ത്യന്‍ വംശജ അറസ്റ്റില്‍. പെന്‍സില്‍വാനിയയില്‍ താമസിക്കുന്ന ധെവീന സിംഗ് (24) ആണ് അറസ്റ്റിലായത്. ന്യൂയോര്‍ക്കില്‍ നവംബര്‍ നാലിന് നടന്ന റാലിക്കിടെയാണ് സംഭവം. ധെവീന പോലീസുകാരന്റെ മുഖത്തു തുപ്പുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു.
പോലീസിനെ അധിക്ഷേപിച്ചെന്ന കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

പ്രതിഷേധക്കാര്‍ പോലീസിനു നേരെ കൈയേറ്റം നടത്തുകയും റോഡില്‍ തീയിടുകയും മറ്റും ചെയ്തിരുന്നു. എല്ലാ പോസ്റ്റല്‍ വോട്ടുകളും എണ്ണണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റല്‍ വോട്ടുകളൊന്നും ഇനി എണ്ണേണ്ടതില്ലെന്നും ഇതുവരെ എണ്ണിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ വിജയിയെ പ്രഖ്യാപിക്കണമെന്നും വോട്ടെണ്ണല്‍ പ്രക്രിയ പുരോഗമിക്കുന്നതിനിടെ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.