National
ആന്ധ്രയില്‍ സ്‌കൂളുകള്‍ തുറന്ന് തിരിച്ചടിയായി; 829 അധ്യാപകര്‍ക്കും 575 വിദ്യാര്‍ഥികള്‍ക്കും കൊവിഡ്
		
      																					
              
              
            
വിശാഖപട്ടണം |  കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട ആന്ധ്രയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നത് തിരിച്ചടിയായി . തിങ്കളാഴ്ച സ്‌കൂളുകള്‍ വീണ്ടും തുറന്ന് മൂന്ന് ദിനം പിന്നിട്ടപ്പോള്‍ 829 അധ്യാപകര്‍ക്കും 575 വിദ്യാര്‍ഥികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 98.84 ശതമാനം സ്‌കൂളുകളും വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. 87.78 ശതമാനം അധ്യാപകര്‍ ഹാജരായെങ്കിലും ഒന്‍പതാം ക്ലാസിലെ 39.62 ശതമാനവും പത്താം ക്ലാസിലെ 43.65 ശതമാനം വിദ്യാര്‍ഥികളും മാത്രമാണ് ആദ്യ മൂന്ന് ദിവസങ്ങളില്‍ സ്‌കൂളിലെത്തിയത്.
സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സ്‌കൂളിലെത്തിയ അധ്യാപകരിലും കുട്ടികളിലും കൊവിഡ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1,89,148 അധ്യാപകരില്‍ 70,790 അധ്യാപകരില്‍ പരിശോധന നടത്തി. ഇതില്‍ 829 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3,92,000 വിദ്യാര്‍ത്ഥികളില്‍ 9, 10 ക്ലാസുകളിലെ 95,763 കുട്ടികളില്‍ പരിശോധന നടത്തിയതില്‍ 575 കുട്ടികള്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


