ബാലാവകാശ കമ്മിഷന്‍ ഇടപെട്ടു; ബിനീഷിന്റെ കുഞ്ഞും കുടുംബാംഗങ്ങളും വീടിന് പുറത്തിറങ്ങി

Posted on: November 5, 2020 11:01 am | Last updated: November 5, 2020 at 3:28 pm

തിരുവനന്തപുരം |  ബാലാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ ബിനീഷിന്റെ കുടുംബത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍  വീടിന് പുറത്തുവിട്ടു. റെയ്ഡ്ഒരു ദിനം പിന്നിട്ടതോടെയാണ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ സംസ്ഥാന ബാലാവകാശ കമ്മീഷനെത്തിയത്. രണ്ടര വയസ് പ്രായമുള്ള ബിനീഷിന്റെ കുഞ്ഞിനെ നിയമവിരുദ്ധമായി തടവില്‍ വെച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്ന ബിനീഷിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന്‍ ഇവിടെയെത്തിയത്.

എന്നാല്‍ ബാലാവകാശ കമ്മീഷനെ അകത്തേക്ക് കടത്തിവിടാനാവില്ലെന്ന് ഇഡി അംഗങ്ങള്‍ നിലപാടെടുത്തു. ഇതോടെ സ്ഥലത്ത് ബന്ധുക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് കുഞ്ഞിനെ പുറത്തുവിടണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. പിന്നാലെ ബാലാവകാശ കമ്മീഷന്‍ രേഖാമൂലം ഇഡിയോട് കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും വീട്ടിന് പുറത്തേക്ക് വിടുകയായിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ബിനീഷിന്റെ ഭാര്യാ മാതാവ് പറഞ്ഞു. കുട്ടി ഭയന്നുപോയി. ആവശ്യത്തിനു ഭക്ഷണവും വസ്ത്രവും പോലും കയ്യിലില്ല. കൊന്നാലും ഇഡി പറയുന്ന രീതിയില്‍ ഒപ്പിടില്ല. വീട്ടില്‍ നിന്ന് എടുത്തത് എന്ന പേരില്‍ ഒപ്പിടാന്‍ പറഞ്ഞ രേഖകളെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലാത്തതാണെന്നും അവര്‍ പറഞ്ഞു.