Connect with us

Kerala

ഇ ഡി സംഘം ബിനീഷിന്റെ വീട്ടില്‍ തുടരുന്നു; വീട്ടുകാരെ കാണണമെന്ന ആവശ്യവുമായി പുറത്ത് ബന്ധുക്കളുടെ പ്രതിഷേധം

Published

|

Last Updated

തിരുവനന്തപുരം |  എന്‍ഫോഴ്സ്മെന്റിന്റെ പരിശോധന തുടരുന്ന ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നാടകീയരംഗങ്ങള്‍. ഇന്നലെ രാവിലെ പരിശോധനക്കെത്തിയ ഇ ഡി വീട്ടിലുള്ളവരെ പുറത്തു വിടുന്നില്ലെന്നും വീട്ടുകാരെ കാണണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ പ്രതിഷേധിച്ചതോടെയാണ് നാടകീയ രംഗങ്ങള്‍ക്ക് തുടക്കമായത്.

ബിനീഷിന്റെ ഭാര്യ റിനീറ്റയെ കാണണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കള്‍ ഇവിടെ എത്തിയത്. എന്നാല്‍ ഇവരെ കര്‍ണാടക പോലീസും സിആര്‍പിഎഫും തടഞ്ഞു. അതേ സമയം ബിനീഷിന്റെ ഭാര്യ ആരേയും കാണാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് പോലീസ് ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ പോലീസ് ഭീഷണിപ്പെടുത്തിയതുകൊണ്ടാകം റിനീറ്റ ഇങ്ങനെ പറഞ്ഞതെന്നാണ് ബന്ധുക്കളുടെ ആരോപണം. റിനീറ്റയെ വീട്ടുതടങ്കലിലാക്കിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.

നേരത്തെ ബിനീഷിന്റെ അഭിഭാഷകനെയും വീടിനുള്ളിലേക്ക് ഇഡി കടത്തിവിട്ടിരുന്നില്ല. വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് ഒടുവില്‍ മഹസറില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ റിനീറ്റ തയാറായില്ല. വീട്ടില്‍ നിന്നും പരിശോധനയില്‍ കണ്ടെടുത്തുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഡി കൊണ്ടുവന്ന് വെച്ചതാണെന്ന് റിനീറ്റ പറയുന്നു.

ഇതേ തുടര്‍ന്നാണ് മഹസറില്‍ ഒപ്പിടാത്തത്. ബുധനാഴ്ച രാവിലെ തുടങ്ങിയ പരിശോധന രാത്രി ഏഴുമണിയോടെ അവസാനിച്ചിരുന്നു. പക്ഷേ ബിനീഷിന്റെ കുടുംബം മഹസറില്‍ ഒപ്പിടാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഇഡി വീട്ടില്‍ നിന്ന് മടങ്ങാന്‍ കൂട്ടാക്കാത്തത്.

Latest