Connect with us

Editorial

പേരറിവാളന്റെ ദയാഹരജി; ഗവര്‍ണറുടെ മെല്ലെപ്പോക്ക്‌

Published

|

Last Updated

രാജീവ് വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുന്ന എ ജി പേരറിവാളന്റെ ശിക്ഷാ ഇളവ് സംബന്ധിച്ച ഹരജിയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതില്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം അതൃപ്തി അറിയിക്കുകയുണ്ടായി. രണ്ട് വര്‍ഷം മുമ്പ് തമിഴ്‌നാട് സര്‍ക്കാറാണ് ശിക്ഷയില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണ്. ഭരണഘടനയുടെ 161ാം വകുപ്പനുസരിച്ച് ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടയാളുടെ ശിക്ഷ നിര്‍ത്തിവെക്കാനും ശിക്ഷാ ഇളവ് നല്‍കാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ പേരറിവാളന്റെ കാര്യത്തില്‍ ഗവര്‍ണര്‍ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതിനെതിരെ അദ്ദേഹം സമര്‍പ്പിച്ച ഹരജിയിലാണ്, ഇക്കാര്യത്തില്‍ ഉത്തരവൊന്നും പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ ശിപാര്‍ശ ഗവര്‍ണര്‍ രണ്ട് വര്‍ഷമായി തീരുമാനമെടുക്കാതെ കൈവശം വെച്ചതില്‍ അതൃപ്തിയുണ്ടെന്നുമാണ് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ജസ്റ്റിസ് അജയ് രസ്‌തോഗി, ജസ്റ്റിസ് േഹമന്ത് ഗുപ്ത എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് അറിയിച്ചത്. നേരത്തേ മദ്രാസ് ഹൈക്കോടതിയും ഗവര്‍ണറുടെ തീരുമാനം വൈകുന്നതില്‍ നീരസം പ്രകടിപ്പിച്ചിരുന്നു.

രാജീവ് വധക്കേസില്‍ ഗൂഢാലോചനാ കുറ്റത്തില്‍ പ്രതിയാണ് പേരറിവാള്‍. ഗൂഢാലോചനയുടെ സൂത്രധാരനെന്ന് പറയപ്പെടുന്ന എല്‍ ടി ടി ഇ പ്രവര്‍ത്തകന്‍ ശിവരശന്, പേരറിവാള്‍ രണ്ട് ബാറ്ററിസെല്‍ വാങ്ങിക്കൊടുത്തതായും ഇതാണ് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബില്‍ ഉപയോഗിച്ചതെന്നുമാണ് കുറ്റപത്രത്തില്‍ ആരോപിക്കപ്പെടുന്നത്. ഇതടിസ്ഥാനത്തില്‍ പേരറിവാളന് വധശിക്ഷയായിരുന്നു ആദ്യം വിധിച്ചിരുന്നത്. പിന്നീട് 23 വര്‍ഷത്തിനു ശേഷം 2014 ഫെബ്രുവരി 18ന് അന്നത്തെ ചീഫ് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയി, ശിവകീര്‍ത്തി സിംഗ് എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബഞ്ച് പേരറിവാളന്റെയും മരുമകന്‍ സ്വന്തന്റെയും വധശിക്ഷ ജീവപര്യന്തമായി കുറച്ചു.
അതിനിടെ പേരറിവാള്‍ കേസില്‍ അകാരണമായി പ്രതി ചേര്‍ക്കപ്പെട്ടതാണെന്ന് സംശയം ജനിപ്പിക്കുന്ന ചില വിവരങ്ങളും പുറത്തുവന്നു. കേസന്വേഷണ സംഘത്തിലെ സി ബി ഐ. എസ് പി ത്യാഗരാജന്‍ വിരമിച്ച ശേഷം നടത്തിയ വെളിപ്പെടുത്തലാണ് ഒന്ന്. കസ്റ്റഡിയിലുള്ളപ്പോള്‍ പേരറിവാള്‍ നല്‍കിയ മൊഴി താന്‍ തിരുത്തി കുറ്റസമ്മതം പോലെയാക്കുകയായിരുന്നുവെന്നും, ഇതാണ് പേരറിവാളന് വധശിക്ഷ ലഭിക്കുന്നതില്‍ നിര്‍ണായകമായതെന്നുമാണ് അദ്ദേഹം പറഞ്ഞത്. “ഞാന്‍ ഒമ്പത് വാള്‍ട്ടിന്റെ രണ്ട് ബാറ്ററിസെല്‍ വാങ്ങി ശിവരശന് നല്‍കി. ബോംബ് നിര്‍മാണത്തിനായി ശിവരശന്‍ അത് ഉപയോഗിച്ചു” വെന്നാണ് പേരറിവാളന്റെ കുറ്റസമ്മത മൊഴിയായി ത്യാഗരാജന്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ബോംബ് നിര്‍മാണത്തിന് അത് ഉപയോഗിച്ചു എന്ന ഭാഗം പേരറിവാള്‍ പറഞ്ഞതല്ലത്രെ. ഗൂഢാലോചനാ കുറ്റം സ്ഥിരപ്പെടാന്‍ വേണ്ടി അന്വേഷണോദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തതായിരുന്നു. കൂടാതെ സി ബി ഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ രാജീവ് വധത്തിന്റെ കാതലായ കാരണങ്ങളെക്കുറിച്ച് ഒന്നുമുണ്ടായിരുന്നില്ല. അവ്യക്തമായ കുറ്റപത്രത്തിന്മേലാണ് പ്രതികള്‍ പതിറ്റാണ്ടുകള്‍ ജയിലില്‍ കിടക്കേണ്ടി വന്നതെന്ന് ജസ്റ്റിസ് കെ ടി തോമസ് സോണിയാ ഗാന്ധിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുംപുതൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 1998 ജനുവരി 28ന് കേസിലെ 26 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍ 1991 മെയ് 11ന് നളിനി, മുരുകന്‍, ശാന്തന്‍, പേരറിവാള്‍ എന്നിവരുടെ വധശിക്ഷ ശരിവെച്ച സുപ്രീം കോടതി ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവരുടെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയും ശേഷിച്ച 19 പേരെ വെറുതെ വിട്ടയക്കുകയും ചെയ്തു. പിന്നീട് ഒന്നര പതിറ്റാണ്ടോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് 2014ല്‍ നാല് പേരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവ് ചെയ്തത്. ഇതിന് തൊട്ടുപിന്നാലെ ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികളെയും വിട്ടയക്കണമെന്ന് തമിഴ് ജനതയില്‍ നിന്ന് ശക്തമായ ആവശ്യം ഉയരുകയും ഇതടിസ്ഥാനത്തില്‍ ഏഴ് പേരെയും വിട്ടയക്കാന്‍ അന്നത്തെ ജയലളിത സര്‍ക്കാര്‍ ശിപാര്‍ശ നൽകുകയും ചെയ്തു. പ്രതികള്‍ക്ക് മാപ്പ് നല്‍കുന്നത് അപകടകരമായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി തമിഴ്‌നാടിന്റെ ശിപാര്‍ശ തള്ളുകയായിരുന്നു.

പൊതുജനമധ്യത്തില്‍ പരസ്യമായാണ് ഒരു മനുഷ്യബോംബ് രാജീവ് ഗാന്ധിയെ നിഷ്ഠൂരമായി വധിച്ചത്. പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന് ഒരുക്കിയ വന്‍സുരക്ഷാ സംവിധാനങ്ങളെയെല്ലാം ഭേദിച്ചു കടന്നാണ് പ്രതി കൃത്യം നിര്‍വഹിച്ചത്. ഇതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നതില്‍ സന്ദേഹമില്ല. എന്നാല്‍ ആരാണ് ഈ കൊലക്ക് ചുക്കാന്‍ പിടിച്ച ശക്തികള്‍? രാജ്യത്തിനകത്തുള്ളവരാണോ? അതോ രാജ്യാന്തര ശക്തികള്‍ ഉള്‍പ്പെട്ടതോ? സംഭവത്തിലെ ഗൂഢാലോചന കണ്ടെത്താനായി സി ബി ഐ പ്രത്യേകമായി രൂപം നല്‍കിയ മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിംഗ് ഏജന്‍സി (എം ഡി എം എ) മൂന്ന് പതിറ്റാണ്ടോളമായി ഇതേക്കുറിച്ച് അന്വേഷിക്കുന്നു. ഇപ്പോഴും ഈ ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താന്‍ എം ഡി എം എക്കായിട്ടില്ല. ഗൂഢാലോചന കണ്ടെത്തുന്നതിന് എം ഡി എം എ ഒന്നും ചെയ്തിട്ടില്ല, അവര്‍ ഒന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നുമില്ലെന്നാണ് 2018 ജനുവരി 21ന് സുപ്രീം കോടതി ഈ വിഷയത്തില്‍ നടത്തിയ നിരീക്ഷണം. യഥാര്‍ഥത്തില്‍ ഇത് അന്വേഷണ ഏജന്‍സിയുടെ കഴിവുകേടോ അതോ ഒളിച്ചു കളിയോ? എം ഡി എം എ ഗൂഢാലോചകരെ കണ്ടെത്തിയിട്ടുണ്ടെന്നും അത് പുറത്തു പറഞ്ഞാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭീതിയാണ് അവരുടെ ഒളിച്ചുകളിക്ക് പിന്നിലെന്നും പറയപ്പെടുന്നുണ്ട്. അതെന്തായാലും പേരറിവാളന്റെ ദയാഹരജി പരിഗണിക്കുന്നതിന് ഗവര്‍ണര്‍ക്ക് മുന്നില്‍ തടസ്സങ്ങളില്ല. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ തികഞ്ഞ വിവേചനാധികാരമുണ്ട്. അതിനിയും പ്രയോഗിക്കാതെ നീട്ടിക്കൊണ്ടു പോകുന്നത് അനീതിയാണ്.

---- facebook comment plugin here -----

Latest