Connect with us

Eranakulam

ഇനി കേരളത്തിനും സ്വന്തം സവാള; അടുത്തമാസം വിളവെടുപ്പ്

Published

|

Last Updated

ഇടുക്കിയിലെ വട്ടവടയിലെ ഉള്ളി കൃഷി

കൊച്ചി | സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി വാണിജ്യാടിസ്ഥാനത്തിൽ നടത്തിയ സവാളകൃഷിയുടെ വിളവെടുപ്പിന് കളമൊരുങ്ങുന്നു. ശീതകാല പച്ചക്കറികൾക്കും വെളുത്തുള്ളി കൃഷിക്കും പേരുകേട്ട ഇടുക്കി ജില്ലയിലെ വട്ടവടയിലെ ആറേക്കർ നിലത്താണ് സവാള വിളവെടുപ്പിന് പാകമാകുന്നത്. കഴിഞ്ഞ ജൂലൈയിൽ വിത്തിറക്കിയ സവാള അടുത്തമാസം അവസാനത്തോടെയാണ് വിളവെടുക്കുക.

ആവശ്യമുള്ളത്ര സവാള ഉത്പാദിപ്പിക്കുന്നതിന് തുടക്കമെന്നോണം ആരംഭിക്കുന്ന പദ്ധതി സംസ്ഥാനത്തെ കാർഷിക മേഖലക്ക് ആദ്യ അനുഭവമാണ്. വട്ടവട പഞ്ചായത്തിലെ പഴത്തോട്ടത്ത് സുഭിക്ഷ കേരളം പദ്ധതി പ്രകാരം കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഭൂമിത്ര കർഷകസമിതിയാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. പുണെയിലെ സർക്കാർ ലാബിൽ വട്ടവടയിലെ മണ്ണ് വിദഗ്ധ പരിശോധന നടത്തിയ ശേഷമാണ് സവാള കൃഷിക്ക് പ്രദേശം അനുയോജ്യമാണെന്ന് കണ്ടെത്തിയത്. മികച്ച ഉത്പാദന ശേഷിയുള്ള പഞ്ചഗംഗ, പ്രേമ-178 എന്നീ സവാള വിത്തുകളാണ് കൃഷിയിടത്തിൽ പാകിയത്. വിത്ത് മുളച്ച് രണ്ട് മാസം കഴിഞ്ഞ് വളർച്ചയെത്തിയതോടെ തൈകൾ പറിച്ചു നട്ടു.

െസപ്തംബറിലെ പറിച്ചു നടീൽ കഴിഞ്ഞ് അടുത്ത മാസം അവസാനത്തോടെ വിളവെടുക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇറക്കിയ വിത്തിൽ 90 ശതമാനം മുളച്ചിട്ടുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ ആദ്യകൃഷിയിൽ തന്നെ 50 ടൺ എങ്കിലും വിളവ് പ്രതീക്ഷിക്കുന്നതായും കൃഷിക്ക് നേതൃത്വം നൽകുന്ന സവാള കർഷകനായ കമാൽ പറഞ്ഞു. ഒരേക്കറിന് 18 ടൺ വിളവെങ്കിലും ലഭ്യമാകുമെന്നാണ് കരുതുന്നത്. കൃഷി വിജയകരമായാൽ കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കും. വട്ടവടയിലെ തന്നെ ഇരുന്നൂറ് ഏക്കർ നിലം ഇതിനായി ഒരുക്കി വലിയ തോതിൽ കൃഷി തുടങ്ങാനാണ് സംരഭകരുടെ ആലോചന. ഇത് യാഥാർഥ്യമായാൽ ഇതര സംസ്ഥാനങ്ങളെ സവാളക്കായി ആശ്രയിക്കുന്നത് ഒരു പരിധി വരെ കുറക്കാനാകും. മാത്രമല്ല, ഇടക്കിടെയുള്ള സവാള വിലവർധന സമ്പൂർണമായി പിടിച്ചു നിർത്താനും കഴിയും.

രാജ്യത്ത് 85 ശതമാനം സവാളയും കൃഷി ചെയ്യുന്നത് മഹാരാഷ്ട്രയിലെ നാസിക്, അഹ്‌മദ് നഗർ, ബീഡ്, കോലാപൂർ തുടങ്ങിയ ജില്ലകളിലാണ്. ഇവിടെ നിന്ന് കേരളത്തിലേക്ക് സവാളയെത്തിക്കുമ്പോൾ കിലോക്ക് 4.50 രൂപയാണ് വാഹനച്ചെലവ് വേണ്ടി വരുന്നുണ്ട്. ഇടുക്കിയിൽ നിന്ന് വൻ തോതിൽ ഉത്പാദനം തുടങ്ങിയാൽ വാഹനച്ചെലവിൽ കിലോക്ക് ഒരു രൂപ എന്ന നിരക്കിലെങ്കിലും കാസർകോട്ടേക്കും തിരുവനന്തപുരത്തേക്കും സവാളയെത്തിക്കാനാകുമെന്നാണ് മഹാരാഷ്ട്രയിൽ വർഷങ്ങളായി സവാളകൃഷി വിജയകരമായി നടത്തിവരുന്നയാൾ കൂടിയായ കമാൽ ചൂണ്ടിക്കാട്ടുന്നത്.
മഹാരാഷ്ട്രയിലും ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും വിളയുന്ന സവാള കേരളത്തിൽ പച്ചപിടിക്കാൻ പരിമിതികൾ ഏറെയാണെന്ന നിഗമനമാണ് വട്ടവടയിലെ ഉത്പാദന വിജയത്തോടെ പൊളിയുന്നതെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.

ഏതാനും വർഷം മുമ്പ് കാർഷിക സർവകലാശാല മലയാളിയുടെ സവാള ഉപയോഗത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു. നാലംഗങ്ങളുള്ള ഒരു മലയാളി കുടുംബം മാസം നാല് കിലോ സവാള ഉപയോഗിക്കുന്നെന്നായിരുന്നു കണ്ടെത്തൽ. ഉയർന്ന വരുമാനക്കാരും സാധാരണക്കാരും തമ്മിൽ ഇക്കാര്യത്തിൽ വ്യത്യാസമില്ല. അതുകൊണ്ട് തന്നെ സവാളക്ക് എല്ലാ കാലവും വിപണിയിൽ മലയാളികളായ ആവശ്യക്കാരേറെയാണ്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest