Connect with us

International

ഇഞ്ചോടിഞ്ച് പോരാട്ടം; അമേരിക്കയിൽ സ്ഥിതി പ്രവചനാതീതം

Published

|

Last Updated

വാഷിങ്ടന്‍ | യുഎസ് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ സ്ഥിതി പ്രവചനാതീതം. നിർണായക സംസ്ഥാനങ്ങളിൽ എല്ലാം ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആദ്യഘട്ട ഫലസൂചനകള്‍ അനുസരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തള്ളി ബൈഡന്‍ അൽപം മുന്നിലാണ്. എന്നാൽ ഇത് അന്തിമ സൂചനയായി വിലയിരുത്താൻ സാധിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

ആകെ 538 ഇലക്ടറൽ സീറ്റുകളില്‍ 209 എണ്ണത്തിൽ ബൈഡനും 112 എണ്ണത്തില്‍ ട്രംപും മുന്നേറുന്നുവെന്നതാണ് ഒടുവിലെ നില.അതീവ നീര്‍ണായകമായ ഫ്‌ളോറിഡയില്‍ 51 ശതമാനത്തില്‍ അധികം വോട്ടുകള്‍ നേടി ട്രംപാണ് മുന്നില്‍. ഫ്‌ളോറിഡയില്‍ വിജയിക്കുന്നവര്‍ പ്രസിഡന്റ് കസേരയില്‍ എത്തുമെന്നതാണ് കഴിഞ്ഞ കുറച്ചുകാലത്തെ അമേരിക്കന്‍ അനുഭവം. ഒഹിയോ, നോര്‍ത്ത് കരോളിന, പെന്‍സില്‍വാനിയ, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ട്രംപ് മുന്നേറ്റം തുടരുന്നുണ്ട്. എന്നാല്‍ എല്ലായിടത്തും നേരിയ വ്യത്യാസത്തിലാണ് ട്രംപ് ലീഡ് ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇന്‍ഡ്യാനയിലും കെന്റക്കിയിലും ട്രംപ് വിജയിച്ചു. സൗത്ത് കാരലൈനയില്‍ അദ്ദേഹം മുന്നിലാണ്. ജോര്‍ജിയയില്‍ ബൈഡനാണ് മുന്നിട്ട് നില്‍ക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ അന്തിമ ഫലം അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്തവണ പോസ്റ്റല്‍ വോട്ടുകളുടെയും മുന്‍കൂട്ടി രേഖപ്പെടുത്തിയ വോട്ടുകളുടെയും എണ്ണം കൂടുതലുള്ളതിനാല്‍ വോട്ടെണ്ണല്‍ നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 10.2 കോടി ജനങ്ങളാണ് സമ്മതിദാനാവാവകാശം വിനിയോഗിച്ചത്. 435 അംഗ ജനപ്രതിനിധിസഭയിലേക്കും 33 സെനറ്റ് സീറ്റുകളിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേക്കും ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടന്നിരുന്നു.

Latest