71 സ്വാശ്രയ കോളജുകൾക്ക് കൂടി പുതിയ കോഴ്‌സുകൾ

Posted on: November 4, 2020 12:40 am | Last updated: November 4, 2020 at 12:44 am


തിരുവനന്തപുരം | കാലിക്കറ്റ് സർവകലാശാല ശുപാർശ ചെയ്ത 71 സ്വാശ്രയ കോളജുകൾക്ക് ഓരോ കോഴ്സുകൾ കൂടി ഈ അദ്ധ്യായന വർഷം അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ സംസ്ഥാനത്തെ അപേക്ഷിച്ച എഴുനൂറോളം സ്വാശ്രയ കോളേജുകൾക്കും രണ്ട് കോഴ്സുകൾ വീതം നൽകാനായതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ വർഷം യൂനിവേഴ്സിറ്റികൾ ശുപാർശ ചെയ്തത് പ്രകാരം ഓരോ കോഴ്സുകൾ നൽകിയിരുന്നു. സർക്കാർ കോളജുകളിൽ, അൻപതിലധികം കോഴ്സുകളും രണ്ടു വർഷത്തിനിടയിൽ അനുവദിച്ചിരുന്നു. എല്ലാ സർക്കാർ, എയ്ഡഡ് കോളജുകളിലും ഡിഗ്രിക്കും പി ജിക്കും നിലവിലുള്ള സീറ്റുകളിൽ ഗണനീയമായ വർധനവരുത്തി ഗവൺമെൻ്റ് വിജ്ഞാപനം ഇറക്കുകയും ചെയ്തു. ഇതോടെ രണ്ട് അദ്ധ്യായന വർഷങ്ങളിലായി 35,000 (മുപ്പത്തയ്യായിരം) സീറ്റുകളാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് വർധിച്ചത്. ഇതിനു പുറമെയാണ് സർക്കാർ, എയ്ഡഡ് കോളജുകളിലും സർവകലാശാലാ ക്യാമ്പസുകളിലും ഈ അക്കാദമിക്ക് വർഷം തുടങ്ങാൻ ഇടതുപക്ഷമുന്നണി സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഇരുന്നൂറോളം പുതുതലമുറ കോഴ്സുകൾ. പ്രസ്തുത ഉത്തരവും ഉടൻ പുറത്തിറങ്ങും.