Connect with us

Kerala

വയനാട്ടില്‍ വീണ്ടും വെടിയൊച്ച; പോലീസിനെതിരെ വ്യാപക പ്രതിഷേധം

Published

|

Last Updated

കല്‍പ്പറ്റ  |  ലക്കിടി ഉപവന്‍ റിസോര്‍ട്ടിലെ ഏറ്റുമുട്ടലിന് ശേഷം വയനാട്ടില്‍ വീണ്ടുമൊരു മാവോയിസ്റ്റ്- പോലീസ് ഏറ്റുമുട്ടലിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് വയനാട്. ചൊവ്വാഴ്ച രാവിലെ നടന്ന ഏറ്റ്മുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിനാണ് ഉപവന്‍ റിസോട്ടില്‍ ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് നേതാവായ സി പി ജലീല്‍ കൊല്ലപ്പെടുകയും വ്യാജ ഏറ്റുമുട്ടലാണെന്ന് പരക്കെ ആരോപണം ഉയരുകയും ചെയ്തിരുന്നു. ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്.

റിസോര്‍ട്ട് പരിസരത്ത് കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ജലീലിന്റെ മൃതദേഹം കണ്ടെത്തിയത്. ജലീല്‍ പോലീസിന് നേരെ വെടിയുതിര്‍ത്തെന്നും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാല്‍, തലക്ക് പിന്നിലൂടെ തറച്ച വെടിയുണ്ട കണ്ണിന് അരികിലൂടെ പുറത്തേക്ക് തെറിച്ചതായും കൈയില്‍ വെടിയേറ്റതായും പരിശോധനയില്‍ വ്യക്തമായിരുന്നു.

പോലീസ് സമര്‍പ്പിച്ച ജലീലിന്റേതെന്ന് അവകാപ്പെട്ട തോക്കില്‍ നിന്നല്ല വെടി ഉതിര്‍ന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ജലീലിന്റെ വലതുകൈയ്യില്‍ നിന്ന് എടുത്ത സാമ്പിളില്‍ വെടിമരുന്നിന്റെ ഏതെങ്കിലും തരത്തിലുള്ള അംശം കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
കഴിഞ്ഞ വര്‍ഷം തന്നെ ഒക്ടോബര്‍ 28, 29 തീയതികളില്‍ പാലക്കാട് അട്ടപ്പാടിക്കടുത്ത് അഗളിയിലെ മഞ്ചക്കണ്ടിയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. 28ന് നടന്ന വെടിവെപ്പില്‍ തമിഴ്‌നാട് സ്വദേശികളായ രമ, കാര്‍ത്തി, കര്‍ണാടക സ്വദേശിയായ സുരേഷ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പരിക്കേറ്റവര്‍ക്കായി നടത്തിയ തിരച്ചിലിനിടെ വീണ്ടും വെടിവെപ്പ് ഉണ്ടാവുകയും തമിഴ്‌നാട് സ്വദേശിയായ മണിവാസകം കൊല്ലപ്പെടുകയും ചെയ്തു. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന ആരോപണം പ്രധാന ഭരണകക്ഷിയായ സി പി ഐയില്‍ നിന്ന് വരെ ഉയരുകയും വന്‍ വിവാദമാവുകയും ചെയ്തിരുന്നു. ഇതിന്റെ ജുഡീഷ്യല്‍- മജിസ്‌ട്രേറ്റ് അന്വേഷണ റിപ്പോര്‍ട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും നല്‍കാത്തത് പ്രതിഷേധത്തിന് വഴി വെച്ചിരുന്നു. കൊല്ലപ്പെട്ടവര്‍ കീഴടങ്ങാന്‍ തീരുമാനിച്ചിരുന്നവരാണെന്നും ഏറ്റ്മുട്ടല്‍ അനാവശ്യമായിരുന്നുവെന്നും മഞ്ചക്കണ്ടി ഊരിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

2016 നവംബര്‍ 24ന് മലപ്പുറം ജില്ലയിലെ കരുളായി വനത്തില്‍ നടന്ന ഏറ്റുമുട്ടലാണ് കേരളത്തില്‍ പോലീസും മാവോവാദികളും തമ്മില്‍ നടന്ന ആദ്യ ഏറ്റുമുട്ടല്‍. സംഭവത്തില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. തമിഴ്നാട് സ്വ
ദേശികളായ സി പി ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പു ദേവരാജും കാവേരി എന്ന അജിതയുമാണ് അന്ന് കൊല്ലപ്പെട്ടത്. വെടിയേറ്റ് ആന്തരിക അവയവങ്ങള്‍ തകര്‍ന്നായിരുന്നു ഇരുവരും മരിച്ചത്.
വയനാട് ബാണാസുര സാഗറിന് സമീപം പന്തിപ്പൊയിലില്‍ നടന്ന ഏറ്റുമുട്ടലിന്റെ പിന്നിലും ഏറെ ദുരൂഹതകളാണ് ഉയരുന്നത്. സംഭവ സ്ഥലത്തേക്ക് മാധ്യമങ്ങളെയും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെയും കടത്തിവിടാത്തത് വ്യാജ ഏറ്റുമുട്ടലിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് ആരോപണം. നേരത്തേ, കരുളായി വനത്തിലും മഞ്ചക്കണ്ടിയിലും ലക്കിടിയിലുമെല്ലാം സംഭവത്തില്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് പോലീസിന്റെ ഒളിച്ചുകളിയെന്നാണ് ആക്ഷേപം.

Latest