Connect with us

Educational News

എം ജിയിൽ പകൽകൊള്ള; ജോലിക്ക് അപേക്ഷിക്കാൻ വേണം അയ്യായിരം രൂപ

Published

|

Last Updated

കോട്ടയം | ജോലിക്കുള്ള യോഗ്യതയോ കയ്യിൽ മതിയായ സർട്ടിഫിക്കറ്റുകളോ മാത്രം പോര; കയ്യിൽ പണവുമുള്ളവനേ ജോലിക്ക് അപേക്ഷ നൽകാൻ പറ്റൂ. മഹത്മാഗാന്ധി സർവകലാശാല വിവിധ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷനിലാണ് അപേക്ഷാ ഫീ ആയി 5000 രൂപ ഈടാക്കുന്നത്. മഹാമാരിക്കാലത്ത് ഉദ്യേഗാർഥികളെ ഏറെ പ്രയാസത്തിലാക്കുന്ന നടപടിയാണിത്. എസ് സി / എസ് ടി വിഭാഗക്കാർക്ക് രണ്ടായിരം രൂപയാണ് ഫീസ് നൽകേണ്ടത്.

ഇന്ത്യയിലെ  മറ്റ് പല സർവകലാശാലകളിലും കുറഞ്ഞ അപേക്ഷാ ഫീസ് നിലവിലുള്ളപ്പോഴാണ് കൊവിഡ് കാലത്തും എം ജി സർവകലാശാലയുടെ ഈ പകൽകൊള്ള. ഇതിനെതിരെ സോഷ്യൽ മീഡിയയിലടക്കം പലരും രംഗത്തെത്തിയിട്ടുണ്ട്. 2019-ൽ കാലിക്കറ്റ് സർവകലാശാല പുറത്തിറക്കിയ നോട്ടിഫിക്കേഷനിൽ 2000 രൂപയും 2017-ൽ കേരള സർവകലാശാല ഇതേ തസ്തികയിലേക്ക് വിളിച്ചപ്പോൾ 1000 രൂപയുമായിരുന്നു അപേക്ഷ ഫീസ് ഈടാക്കിയതെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. ചെറുപ്പക്കാരും അവരുടെ വീട്ടിലുള്ളവർ പോലും ജോലി നഷ്ടമായി വീട്ടിലിരിക്കുന്ന ഈ സമയത്ത് എം ജി ഇത്തരം നടപടികളിൽ നിന്ന് പിന്മാറണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു. ഒമ്പത് വകുപ്പുകളിലെ 12 ഒഴിവുകളിലേക്കാണ് നിയമനം. ഈ മാസം ഏഴിനാണ് അവസാന തിയതി.

Latest