Connect with us

Kerala

വയനാട് ഏറ്റുമുട്ടൽ: കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞു; വിവരം നൽകിയത് തമിഴ്നാട് പോലീസ്

Published

|

Last Updated

സുൽത്താൻ ബത്തേരി | വയനാട് ബാണാസുര വനത്തിൽ മാവോയിസ്റ്റ് സംഘവും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. തമിഴ്നാട് തേനി സ്വദേശി വേൽമുരുകനാണ് കൊല്ലപ്പെട്ടത് എന്ന് റിപ്പോർട്ടുകളുണ്ട്. പടിഞ്ഞാറെത്തറ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. തണ്ടർബോൾട്ട് സംഘത്തെ മാവോയിസ്റ്റുകൾ ആക്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു.

മേഖലയിൽ പോലീസും തണ്ടർ ബോൾട്ടും അതീവ ജാഗ്രത പാലിക്കുകയാണ്. പ്രദേശവാസികൾ ആരും പുറത്തിറങ്ങരുതെന്ന് പാേലീസ് നിർദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിനിടെ മാവോയിസ്റ്റുകൾ ചിതറി ഓടിയിട്ടുണ്ടെന്നും അതിനാൽ ജാഗ്രത വേണമെന്നും അധികൃതർ വ്യക്തമാക്കി. മാധ്യമപ്രവർത്തകർക്കും സ്ഥലത്തക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.

തണ്ടർ ബോൾട്ടിൻെറ നേതൃത്വത്തിൽ മേഖലയിൽ പതിവ് പട്രോളിംഗ് നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മാവായേിസ്റ്റുകളും പോലീസും മുഖാമുഖം വന്നുവെന്നും കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ അവർ ആക്രമിക്കുകയായിരുന്നുവെന്നുമാണ് വിവരം. തുടർന്ന് തണ്ടർ ബോൾട്ട് നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്.

തമിഴ്നാട് ക്യൂബ്രാഞ്ചാണ് മരിച്ചയാളുടെ ചിത്രം മാധ്യമങ്ങൾക്ക് നൽകിയത്. തേനി പെരിയകുളം സ്വദേശി സെന്തുവിന്റെ മകനാണ് വേൽമുരുകൻ. വേൽമുരുകൻെറ സഹോദരൻ മധുര കോടതിയിലെ അഭിഭാഷകനാണ്. സഹോദരി ഉസിലാം പട്ടിയിലാണ് താമസിക്കുന്നതെന്നും ക്യൂബ്രാഞ്ച് അറിയിച്ചു.

Latest