Connect with us

Editorial

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ഒരഭ്യര്‍ഥന

Published

|

Last Updated

കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡല്‍ഹിയിലെ കേരള ഹൗസില്‍ സംഘടിപ്പിച്ച മലയാള ഭാഷാദിനവും ഭരണഭാഷാ വാരാഘോഷവും പരിപാടിയില്‍ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ ഉള്‍പ്പെടെ കേരളം കൈവരിച്ച നേട്ടങ്ങളും പുരോഗതിയും മലയാളികളുടെ നല്ല മനസ്സും എടുത്തു പറയുകയുണ്ടായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊവിഡ് 19ന്റെ ഭീതിയില്‍ രാജ്യത്തെ വിദ്യാലയങ്ങള്‍ അടഞ്ഞു കിടന്നപ്പോള്‍ ചുരുങ്ങിയ സമയത്തിനകം തന്നെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കാന്‍ കേരളത്തിനു സാധിച്ചു. ടി വി സെറ്റ്, ലാപ്‌ടോപ് തുടങ്ങിയ ഉപകരണങ്ങള്‍ നല്‍കി പൊതുസമൂഹം സര്‍ക്കാറിന് ഇക്കാര്യത്തില്‍ പൂര്‍ണ സഹകരണവും പിന്തുണയും നല്‍കി. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതില്‍ മലയാളി കാണിക്കുന്ന ഉത്സുകതയും കേരളത്തിലെ സര്‍ക്കാര്‍ വൃദ്ധസദനങ്ങളുടെയും ബാലസദനങ്ങളുടെയും ഗുണനിലവാരവും പ്രത്യേകം എടുത്തു പറഞ്ഞ ആരിഫ് ഖാന്‍ കേരളത്തെ കണ്ടുപഠിക്കാന്‍ മറ്റു സംസ്ഥാനങ്ങളെ ഉപദേശിക്കുകയുമുണ്ടായി. പുറമെ നിന്ന് കേരളം സന്ദര്‍ശിക്കാനെത്തുന്നവരോട് ഇവിടുത്തെ ഒരു വൃദ്ധസദനമോ പ്രാഥമികാരോഗ്യ കേന്ദ്രമോ സന്ദര്‍ശിക്കാന്‍ താന്‍ പ്രത്യേകം ഉപദേശിക്കാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ബി ജെ പി വൃത്തങ്ങള്‍ മൊത്തത്തില്‍ കേരളത്തെ പരമാവധി ഇടിച്ചു താഴ്ത്താനും സംസ്ഥാനം കൈവരിച്ച മികച്ച പുരോഗതിയെ തമസ്‌കരിക്കാനും ശ്രമിക്കുന്നതിനിടെ, ബി ജെ പിയുടെ വിശ്വസ്തനായ ആരിഫ് മുഹമ്മദ് ഖാന്റെ ഈ പരാമര്‍ശങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. 2019 സെപ്തംബറില്‍ കേരള ഗവര്‍ണറായി അധികാരമേറ്റ ഖാന്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടെ സംസ്ഥാനത്തിന്റെ മികവ് നേരിട്ടു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരിക്കണം ഇത്രയും പറഞ്ഞത്. ഇതോടൊപ്പം എക്കാലവും കേന്ദ്രത്തിന്റെ അവഗണന ഏറ്റുവാങ്ങേണ്ടി വന്നിട്ടും ഈ കൊച്ചു സംസ്ഥാനം മാതൃകാപരമായ വളര്‍ച്ച കൈവരിച്ചതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് കൂടി ഗവര്‍ണര്‍ ബോധവാനാകേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി കേരളത്തില്‍ കാണപ്പെടുന്ന സമാധാനപരവും സൗഹൃദപൂര്‍ണവുമായ അന്തരീക്ഷം ഇതിനൊരു പ്രധാന ഘടകമാണ്. മറ്റു പല സംസ്ഥാനങ്ങളിലും വിശിഷ്യാ ഉത്തരേന്ത്യയില്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ സംഘര്‍ഷങ്ങളും കലാപങ്ങളും അടിക്കടി അരങ്ങേറുമ്പോള്‍ കേരളം അതില്‍ നിന്നെല്ലാം മാറിനിന്നു ഇക്കാലമത്രയും. വൈവിധ്യമാര്‍ന്ന ആചാരങ്ങള്‍ അനുഷ്ഠിക്കുന്നവരും വ്യത്യസ്ത ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടത്തുന്നവരും ആണെങ്കിലും, മത, വര്‍ണ ചിന്തകള്‍ക്കപ്പുറം എല്ലാവരെയും സ്‌നേഹിക്കാനും ഉള്‍ക്കൊള്ളാനുമുള്ള മനസ്സ് മലയാളിക്കുണ്ട്. വാഹനം കേടുവന്ന് വഴിയില്‍ കുടുങ്ങിപ്പോയ ശബരിമല തീര്‍ഥാടകര്‍ക്ക് ഭക്ഷണവും വെള്ളവും ഒരുക്കിക്കൊടുക്കുന്ന മുസ്‌ലിം പള്ളിക്കമ്മിറ്റിക്കാരും മുസ്‌ലിംകള്‍ക്ക് നോമ്പുതുറ സംഘടിപ്പിക്കുന്ന ക്ഷേത്രക്കമ്മിറ്റിക്കാരും ഒരുപക്ഷേ കേരളത്തിനു പുറത്ത് മറ്റെങ്ങും കാണപ്പെടാത്ത കാഴ്ചയായിരിക്കും.

ഈ മനസ്സാണ് പ്രളയകാലത്തും മഹാമാരിക്കാലത്തും ഊരും പേരും നോക്കാതെ മറ്റുള്ളവരെ സേവിക്കാനും സഹായിക്കാനും കേരളീയനെ പ്രേരിപ്പിച്ചത്. മനുഷ്യത്വമെന്ന വികാരമാണ് ഇത്തരം ഘട്ടങ്ങളിലെല്ലാം അവരെ നയിക്കുന്നത്. പ്രളയത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താന്‍ മാത്രമല്ല, അവര്‍ക്ക് ഭക്ഷണവും മരുന്നുകളും മറ്റു അവശ്യ വസ്തുക്കളും എത്തിച്ചു കൊടുക്കുന്നതിലും പ്രളയാനന്തര ശുചീകരണ, പുനരധിവാസ പ്രവര്‍ത്തനങ്ങളിലും കൈമെയ് മറന്ന് മലയാളി ഒന്നായി. ഇവിടെ കക്ഷി രാഷ്ട്രീയ, ജാതി, മത ചിന്തകള്‍ മാറി നിന്നു. അതേസമയം, ദുരിത വേളകളില്‍ പോലും സഹായമെത്തിക്കുന്നതിലും ആനുകൂല്യങ്ങള്‍ നല്‍കുന്നതിലും ജാതിയും മതവും നോക്കുന്ന വാര്‍ത്തകളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പുറത്തുവരുന്നത്. ദുരിതപൂര്‍ണമാണ് അവിടെ മതന്യൂനപക്ഷങ്ങളുടെ അവസ്ഥ. യു പിയിലും മറ്റും ഹിന്ദുത്വര്‍ കലാപങ്ങള്‍ കുത്തിപ്പൊക്കി അതിന്റെ മറവില്‍ മുസ്‌ലിംകളെ കൊന്നൊടുക്കുകയും വീടുകള്‍ തകര്‍ക്കുകയും കൃഷിയും മറ്റു ജീവിതോപാധികളും നശിപ്പിക്കുകയും ചെയ്യുന്നത് പതിവ് സംഭവങ്ങളാണ്. എന്നും വര്‍ഗീയ സംഘര്‍ഷങ്ങളാണ് അവിടങ്ങളില്‍. ഈ സംസ്ഥാനങ്ങള്‍ ഭരണപരമായ പുരോഗതി കൈവരിക്കാത്തതിന്റെയും സുസ്ഥിര വികസനത്തെ അടിസ്ഥാനമാക്കി പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റം അവസാനത്തില്‍ ഇടം പിടിക്കുന്നതിന്റെയും കാരണവും മറ്റൊന്നല്ല.

കേരളം കൈവരിച്ച നേട്ടവും പുരോഗതിയും നിലനില്‍ക്കണമെങ്കില്‍ സംസ്ഥാനത്തിന്റെ സമാധാന, സൗഹൃദാന്തരീക്ഷം എന്നെന്നും നിലനില്‍ക്കുകയും വര്‍ഗീയ സംഘര്‍ഷത്തിലേക്ക് വഴുതിപ്പോകാതിരിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ അടുത്ത കാലത്തായി വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ഇത് തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തിവരികയാണ്. ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് വര്‍ഗീയ ധ്രുവീകരണത്തിനുള്ള കൊണ്ടുപിടിച്ച ശ്രങ്ങള്‍ നടന്നു. അടുത്തിടെ ഒരു സിനിമക്കു വേണ്ടി കാലടി മണപ്പുറത്ത് നിര്‍മിച്ച ക്രൈസ്തവ ആരാധനാലയത്തിന്റെ മാതൃകയിലുള്ള സെറ്റ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എ എച്ച് പി) പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കിയതും വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നല്ലോ. കേരളത്തില്‍ ഹിന്ദുത്വര്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട ഗൂഢ പദ്ധതികളെക്കുറിച്ച് എ എച്ച് പിയുടെ ഒരു മുന്‍ പ്രവര്‍ത്തകന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ രണ്ട് വര്‍ഷം മുമ്പ് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്തുവിട്ടിരുന്നു. ശബരിമല കേന്ദ്രീകരിച്ച് ഹൈന്ദവരെ വര്‍ഗീയമായി സംഘടിപ്പിക്കുക, സംസ്ഥാനത്ത് മുസാഫര്‍ നഗര്‍ കലാപത്തിനു സമാനമായ കലാപം സൃഷ്ടിക്കുക, ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്യുന്ന മുസ്‌ലിം യുവാക്കളെ അക്രമിക്കുകയും വീട് തകര്‍ക്കുകയും ചെയ്യുക, ഉത്തരേന്ത്യയില്‍ ന്യൂനപക്ഷങ്ങളെ അക്രമിക്കാന്‍ ഹിന്ദുത്വര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ത്രിശൂലം കേരളത്തിലെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യുക തുടങ്ങിയവയാണ് പദ്ധതികള്‍. ഇത് നടപ്പായാല്‍ കേരളം മറ്റൊരു യു പിയാകാന്‍ ഏറെ കാലതാമസമുണ്ടാകില്ല. അങ്ങനെ സംഭവിക്കാതിരിക്കാന്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ കേരള സര്‍ക്കാറും മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ സര്‍വാത്മനാ പിന്തുണക്കാന്‍ സംസ്ഥാന ഗവര്‍ണറെന്ന നിലയില്‍ ആരിഫ് മുഹമ്മദ്ഖാന്‍ സന്നദ്ധമാകേണ്ടതുണ്ട്.