ഉംറ: ആദ്യ വിമാനം ഇന്തോനേഷ്യയിൽ നിന്ന്

Posted on: October 31, 2020 9:17 pm | Last updated: November 1, 2020 at 8:44 am

മക്ക| കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഉംറ തീർഥാടനം പുനരാരംഭിച്ചതോടെ ആദ്യ വിദേശ സംഘത്തിന്റെ വിമാനം ഞായറാഴ്ച ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെത്തിച്ചേരുമെന്ന്  സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇന്തോനേഷ്യയിൽ നിന്നുള്ള സംഘമാണ് ആദ്യമെത്തുക.

വിദേശ തീർഥാടകരുടെ വരവോടെ മൂന്നാം ഘട്ടത്തിന് തുടക്കമാവും. രണ്ട് ഘട്ടങ്ങളിലായി പുനരാരംഭിച്ച ഉംറയിൽ ആഭ്യന്തര തീർഥാടകർക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ,  ഇന്ത്യയിൽ നിന്നുള്ള തീർഥാടകരുടെ  കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

മുപ്പത് ദിവസം വരെ സഊദിയിൽ കഴിയുന്നതിനുള്ള വിസയാണ് അനുവദിച്ചിരിക്കുന്നത്. തീർഥാടകർ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം  കമ്പനികൾ നൽകുന്ന പ്രത്യേക ബസുകളിലാണ് മക്കയിൽ എത്തിച്ചേരുക. ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും പാലിക്കുന്നതിന്റെ ഭാഗമായി  മൂന്ന് ദിവസം ഹോട്ടലുകളിൽ ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമായിരിക്കും ഉംറ നിർവഹിക്കാൻ കഴിയുക. ഉംറയും മദീന സിയാറത്തും നിർവഹിക്കുന്നതിന്നതിനായി മുഴുവൻ തീര്‍ഥാടകരും മന്ത്രാലയത്തിന്റെ  ഇഅതമര്‍ന മൊബൈൽ ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്‌തിരിക്കുകയും വേണം

കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെത്തിച്ചേരുന്ന  തീർഥാടകരെ സ്വീകരിക്കുന്നതിനായി ടെർമിനൽ ഒന്നിൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഹജ്ജ് ഉംറ മന്ത്രലയത്തിന്റെ പ്രത്യേക ഓഫീസുകളും  തയ്യാറാക്കിയിട്ടുണ്ട്. ഇരുഹറമുകളിലും ഒരുക്കങ്ങൾ പൂർത്തിയതായും ഹജ്ജ്-ഉംറ സഹമന്ത്രി ഡോ. അബ്ദുൽഫത്താ മഷാത്ത് പറഞ്ഞു

മൂന്നാം ഘട്ടത്തിൽ പ്രതിദിനം  ഇരുപതിനായിരം തീർഥാടകർക്കാണ് ഉംറ നിർവഹിക്കുന്നതിന് അനുമതിയുള്ളത്. ഓരോ മൂന്ന് മണിക്കൂറിലും 3,300 പേരടങ്ങിയ സംഘമായാണ് മതാഫിലേക്ക് പ്രവേശനം. ഇവരിൽ 1,666 പേർ വിദേശത്തുനിന്നുള്ളവരായിരിക്കും. ഹറമിലെ ജമാഅത്ത് നിസ്കാരങ്ങൾക്ക് അറുപതിനായിരം പേർക്കും അനുമതി നൽകിയിട്ടുണ്ട്. മികച്ച സേവനങ്ങൾ നൽകുന്നതിനായി വിവിധ മന്ത്രാലയങ്ങളും രംഗത്തുണ്ട്. പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലേക്കുള്ള സന്ദർശകരുടെ എണ്ണം 19,500 ആക്കി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.