നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം: ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Posted on: October 30, 2020 7:51 am | Last updated: October 30, 2020 at 10:44 am

കൊച്ചി| നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച്, കോടതി മാറ്റം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണക്കോടതിയുടെ നടപടികള്‍ ശത്രുതാപരവും പ്രതിയെ പിന്തുണക്കുന്ന തരത്തിലുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ നടന്ന വിസ്താരത്തിനിടെ കോടതി മുറിയില്‍ പ്രധാന പ്രതിയുടെ അഭിഭാഷകന്‍ കേസിലെ ഇരയെ മാനസികമായി പീഡിപ്പിച്ചെന്നും ഇത് കേട്ട് നിന്നിട്ടും ജഡ്ജ് ഇടപെട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.

പരാതിക്കാരിയുടെ പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആക്ഷേപവും ഹരജിയിലുണ്ട്. കൂടാതെ പ്രതിഭാഗം നല്‍കുന്ന ഹരജികളില്‍ പലതിലും പ്രോസിക്യൂഷനെ പോലും അറിയിക്കാതെ പ്രധാനപ്പെട്ട രേഖകളും കൈമാറിയെന്നും ഹരജിയില്‍ പറയുന്നു. എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയില്‍ കോടതി ഒരു തീരുമാനവും എടുത്തില്ലെന്നും പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ച് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും നടി ആരോപിക്കുന്നു.