ചെല്ലങ്കാവ് ആദിവാസി കോളനിയിലെ വ്യാജ മദ്യ ദുരന്തം: ഒരാള്‍ അറസ്റ്റില്‍

Posted on: October 29, 2020 10:12 pm | Last updated: October 29, 2020 at 10:12 pm

പാലക്കാട് | കഞ്ചിക്കോടിനടുത്തെ ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ വ്യാജ മദ്യം കഴിച്ച് അഞ്ച് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഞ്ചിക്കോട് സ്വദേശി ധനം എന്ന ധനരാജാണ് അറസ്റ്റിലായത്. കഞ്ചിക്കോട്ട് പൂട്ടിക്കിടന്ന ഹീല്‍ എന്ന സോപ്പ് കമ്പനിയില്‍ നിന്ന് വ്യാവസായിക ആവശ്യത്തിനുപയോഗിക്കുന്ന സ്പിരിറ്റ് എടുത്തത് ഇയാളാണ്. സോപ്പ് കമ്പനിയില്‍ നിന്നെടുത്ത ഈ ദ്രാവകമാണ് മദ്യമെന്ന പേരില്‍ ചെല്ലങ്കാവ് ആദിവാസി കോളനിയിലുള്ളവര്‍ കുടിച്ചതെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് പ്രതി കഞ്ചിക്കോട് തമിഴ്തറ സ്വദേശി ധനരാജ് പിടിയിലാകുന്നത്. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ധനരാജും വ്യാജമദ്യ ദുരന്തത്തില്‍ മരിച്ച ശിവനും, അരുണും ചേര്‍ന്നാണ് കഞ്ചിക്കോട് വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന കമ്പനിയില്‍ നിന്ന് ദ്രാവകം എടുത്തത്. ശിവനാണ് ദ്രാവകം മദ്യരൂപത്തിലാക്കി ചെല്ലങ്കാവ് കോളനിയില്‍ വിതരണം ചെയ്തത്. എന്നാല്‍ ധനരാജ് ഇത് കുടിച്ചിരുന്നില്ല. പ്രതിയെ സോപ്പ് കമ്പനിയില്‍ എത്തിച്ച് തെളിവെടുത്തു. കമ്പനിയില്‍ നിന്നും ചെല്ലങ്കാവ് കോളനിയില്‍ ഉള്ളവര്‍ കുടിച്ചതെന്ന് സംശയിക്കുന്ന ദ്രാവകവും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.