Connect with us

Articles

അനുപമ പ്രകാശത്തെയോര്‍ത്ത് ആനന്ദിക്കുക

Published

|

Last Updated

വിശ്വാസിയുടെ ഏറ്റവും പ്രബലമായ ലക്ഷണമാണ് മുഹമ്മദ് നബി(സ)യോടുള്ള സ്‌നേഹം. വിശ്വാസത്തിന്റെ ആധാര ബിന്ദുവായ ശഹാദത്ത് കലിമയുടെ രണ്ടാം വാക്യം, മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ റസൂലാണ് എന്നതാണ്. അതിനാല്‍ മുഹമ്മദ് നബിയിലുള്ള വിശ്വാസവും കൂടി പൂര്‍ണമാകുമ്പോഴേ മുസ്‌ലിം ആകുകയുള്ളൂ.

ലോകത്ത് ആദ്യമായി സൃഷ്ടിക്കപ്പെട്ടത് റസൂല്‍(സ)യുടെ തിരുപ്രകാശമാണ്. ആ പ്രകാശം കൊണ്ട് ലോകം മുഴുക്കെ പ്രശോഭിതമായി. ഖുര്‍ആന്‍ തന്നെ വിശ്വാസികളെ പഠിപ്പിക്കുന്നുണ്ട്, “തീര്‍ച്ചയായും നിങ്ങളിലേക്ക് പ്രകാശവും വ്യക്തമായ കിതാബും വന്നിട്ടുണ്ട്. അല്ലാഹുവിന്റെ യഥാര്‍ഥമായ മാര്‍ഗം അവ വഴി നിങ്ങള്‍ക്ക് നല്‍കും”. ഈ പ്രകാശം കൊണ്ട് ലക്ഷ്യമാക്കുന്നത് നബി(സ)യെയാണ്. റസൂല്‍(സ)യുടെ പ്രകാശത്തിന്റെ പ്രഭാവം അവിടുത്തെ ഉപ്പയായ അബ്ദുല്ലയുടെ മുഖത്ത് ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ആദ്യ കാലത്ത്, അദ്ദേഹത്തെ ഭര്‍ത്താവായി ലഭിക്കാന്‍ മക്കയിലെ സ്ത്രീകള്‍ ആഗ്രഹിച്ചിരുന്നു. സവിശേഷമായ മുഖപ്രഭാവം ഉപ്പയിലേ കാണാമായിരുന്നു. പിന്നീടാണ്, ആമിനാ ബീവിയെ അബ്ദുല്ല എന്നവര്‍ വിവാഹം കഴിക്കുന്നതും ആ പ്രകാശം ആമിനാ ബീവിയിലൂടെ പിറക്കുകയും ചെയ്യുന്നത്. ഏറ്റവും ശ്രേഷ്ഠമായ പാരമ്പര്യത്തിലാണ് റസൂല്‍(സ) ജനിക്കുന്നത്.

നബി(സ) അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം, ഏക ദൈവ വിശ്വാസവുമായി വന്നപ്പോള്‍ പ്രഥമമായി അല്ലാഹുവിന്റെ ആജ്ഞ ഉണ്ടായത്, കുടുംബങ്ങളിലേക്ക് വിശ്വാസം എത്തിക്കാനാണ്. എല്ലാവരെയും വിളിച്ചു കൂട്ടി റസൂല്‍(സ) ചോദിക്കുന്നു; ഈ മലയുടെ അപ്പുറത്തു കൂടി ഒരു സൈന്യം നിങ്ങളെ ആക്രമിക്കാനായി വരുന്നുവെന്ന് പറഞ്ഞാല്‍, നിങ്ങള്‍ വിശ്വസിക്കുമോ? അവരെല്ലാവരും ഏക സ്വരത്തില്‍ പറഞ്ഞു: താങ്കള്‍ തുല്യതയില്ലാത്ത ഏക വിശ്വസ്തനാണല്ലോ. എന്താണ് സംശയം, ഞങ്ങള്‍ നിശ്ചയമായും അത് അപ്രകാരം ഉള്‍ക്കൊള്ളും. അപ്പോഴാണ് നബി(സ) തന്റെ ഉദ്ദേശ്യം അവരെ അറിയിക്കുന്നത്. അല്ലാഹുവിന്റെ പ്രവാചകനാണ് താനെന്നും എല്ലാവരും അല്ലാഹുവില്‍ വിശ്വസിക്കണമെന്നും ഏക ദൈവ വിശ്വാസികളാകണമെന്നും അവിടുന്ന് വിളിച്ചു പറഞ്ഞു. നബി (സ)യുടെ മക്കക്കാര്‍ക്കിടയിലെ വിളിപ്പേരായ അല്‍അമീന്‍ എന്നതിന്റെ അര്‍ഥം തുല്യതയില്ലാത്ത ഏക വിശ്വസ്തന്‍ എന്നാണ്.

അത്രമേല്‍ സൂക്ഷ്മതയും വിനയവും സത്യസന്ധതയും നിറഞ്ഞ ജീവിതമായിരുന്നു നബി(സ)യുടേത്. പല തരത്തിലുള്ള അധാര്‍മികതകള്‍ നിറഞ്ഞുനിന്ന ആ സമൂഹത്തിനിടയില്‍, ധര്‍മത്തിന്റെയും നീതിയുടെയും വിശുദ്ധിയുടെയും പകരം വെക്കാനില്ലാത്ത നേതാവായിരുന്നു റസൂല്‍(സ). പ്രവാചകത്വ പദവി ലഭിച്ച്, അല്ലാഹു തന്നില്‍ ഏല്‍പ്പിച്ച മഹാ ദൗത്യത്തിന്റെ വ്യാപ്തിയറിഞ്ഞ് അല്‍പ്പം ആശങ്കപ്പെട്ടു നില്‍ക്കുന്ന റസൂല്‍(സ)യോട് പ്രിയപ്പെട്ട പത്നി ഖദീജ(റ) പറയുന്നുണ്ട്; അങ്ങ് കുടുംബ ബന്ധം പുലര്‍ത്തുന്നവരാണ്, സത്യം മാത്രം പറയുന്നവരാണ്, അഭയമില്ലാത്തവരുടെ പ്രയാസങ്ങള്‍ ഏറ്റെടുക്കുന്നവരാണ്, അതിഥികളെ സ്വീകരിക്കുന്നവരാണ്. അതിനാല്‍ തന്നെ അല്ലാഹു അങ്ങയെ പ്രയാസപ്പെടുത്തില്ല. റസൂല്‍(സ)യുടെ വ്യക്തിത്വത്തിന്റെ മഹത്വത്തെ പ്രകാശിപ്പിക്കുന്ന വരികളാണവ.

അഖില ലോകത്തിനും മഹാ ആശ്വാസമായിരുന്നുവല്ലോ റസൂലിന്റെ വരവ്. കരുണാര്‍ദ്രവും സ്‌നേഹ സമ്പൂര്‍ണവുമായിരുന്നു അവിടുത്തെ വാക്കും പ്രവൃത്തിയും. നിത്യമായി നിലനില്‍ക്കുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന അവിടുത്തെ വാക്കുകളും പ്രവൃത്തികളുമെല്ലാം എല്ലാവരിലും എല്ലാ കാലത്തും വളരെ പ്രസക്തമാണ്. വിശ്വാസികളുടെ ഉള്ളില്‍ ആ നബിയോടുള്ള സ്‌നേഹം നിത്യമായി നിലകൊള്ളണം. അവിടുത്തെ തിരുപ്പിറവി സംഭവിച്ച നബിദിനത്തില്‍ സന്തോഷം അനുഭവിക്കാനാകുന്നതും ആ സന്തോഷം പുറമേക്ക് പ്രകടിപ്പിക്കുന്നതും അവിടുത്തെ മഹത്വങ്ങള്‍ പാടുന്നതും പറയുന്നതും വാഴ്ത്തുന്നതും എല്ലാം ആ സ്‌നേഹം പ്രകാശിപ്പിക്കുന്നതിന്റെ ഭാഗമാണ്.

നിങ്ങളുടെ വിശ്വാസം പൂര്‍ണമാകണമെങ്കില്‍, മാതാപിതാക്കളേക്കാളും സന്താനങ്ങളേക്കാളും പ്രിയപ്പെട്ട മറ്റെല്ലാവരേക്കാളും ഞാന്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവനാകണം എന്നവിടുന്ന് വിശ്വാസികളെ പഠിപ്പിക്കുന്നുണ്ട്. കാരണം, അത്രമേല്‍ ആദരവാണ് റസൂല്‍(സ)ക്ക് അല്ലാഹു നല്‍കിയിരിക്കുന്നത്. ആ മഹത്വം ഒട്ടുമേ കുറയാതെ, വിശ്വാസികളുടെ മനസ്സിലും പ്രവൃത്തികളിലും അത് രൂഢമൂലമാകണം. അവിടുത്തെ കുടുംബത്തോട് ആദരവ് വേണം. അവിടുന്ന് അന്ത്യവിശ്രമം കൊള്ളുന്ന റൗളാ ശരീഫിനോട് ആദരവ് വേണം. ഭൂമിയിലെ ഏറ്റവും ഉത്തമമായ സ്ഥലമാണത്.

എന്നാല്‍, ആ സ്‌നേഹം അക്രമത്തിന്റെ വഴിയല്ല. ഇപ്പോള്‍ ഫ്രാന്‍സില്‍ നിന്ന് വന്ന വാര്‍ത്ത കണ്ടു. നബി(സ)യുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചുവെന്ന കാരണം പറഞ്ഞുകൊണ്ട് ഒരു അധ്യാപകനെ വിദ്യാര്‍ഥി വധിച്ചിരിക്കുന്നു. ഇത്തരം രീതികള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ഒരു ബഹുമത സമൂഹത്തില്‍ എല്ലാവരും പരസ്പരം വിശ്വാസങ്ങളെ മാനിച്ചുകൊണ്ടാണ് ജീവിക്കേണ്ടത്. മുഹമ്മദ് നബി(സ)യുടെ കാര്‍ട്ടൂണ്‍ വരക്കുന്ന രീതി ഇസ‌്ലാമിലില്ല. അതിനാല്‍ തന്നെ കാര്‍ട്ടൂണ്‍ ആരെങ്കിലും പ്രദര്‍ശിപ്പിച്ചുവെങ്കില്‍ ആ സമീപനം ശരിയല്ല. മുസ്‌ലിംകളുടെ വിശ്വാസത്തെ ഹനിക്കുന്ന വിധത്തില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍, ഓരോ രാജ്യത്തും നിലനില്‍ക്കുന്ന നിയമത്തിന്റെ പരിധിയില്‍ നിന്നാണ് വിയോജിക്കേണ്ടത്. എന്നാല്‍, കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചുവെന്ന് ആരോപിച്ച് നടത്തിയ ആ ഹീനകൃത്യം അപലപനീയവും ഇസ‌്ലാമിന്റെ സമീപനങ്ങള്‍ക്ക് വിരുദ്ധവുമാണ്. സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും ഉപമകളില്ലാത്ത മാര്‍ഗത്തിലൂടെയല്ലേ നബി(സ) തങ്ങള്‍ ഇസ‌്ലാമിനെ പ്രചരിപ്പിച്ചത്. ആ സ്‌നേഹം കണ്ട്, മാപ്പ് കൊടുക്കുന്ന മഹാമാതൃക കണ്ട് എത്രയെത്ര പേരാണ് ഇസ‌്ലാമിലേക്ക് വന്നത്. അതുകൊണ്ട് വിശ്വാസികളുടെ സമീപനം ഒരിക്കലും അതിര് ലംഘിക്കുന്ന വിധത്തിലുള്ളതാകരുത്. മറിച്ച്, റസൂല്‍(സ) പഠിപ്പിച്ച വിധം തികവുള്ളതായിരിക്കണം.

നാം ഇന്ന് ജീവിക്കുന്നത് വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തിലാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലായിടത്തും ഉണ്ട്. അതിനാല്‍ തന്നെ, സര്‍ക്കാര്‍ നിശ്ചയിച്ച നിയന്ത്രണങ്ങള്‍ മറികടന്നുകൊണ്ട് ഒരാളും പ്രവര്‍ത്തിക്കരുത്. മൗലിദുകളും നബി(സ)യുടെ അപദാനങ്ങളും ഈ ദിവസത്തില്‍ മാത്രമല്ല, ഈ മാസം മുഴുവന്‍ നമ്മുടെ വീടുകളില്‍ നിരന്തരം ഉണ്ടാകട്ടെ. കാരണം, റസൂല്‍(സ) എന്ന അനുഗ്രഹമാണ് നമ്മെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവന്നത്, നമുക്ക് വിശ്വാസത്തിന്റെ മഹാ പ്രകാശം നല്‍കിയത്. ആ അനുപമ പ്രകാശത്തിന്റെ വരവിലല്ലേ നമ്മുടെ എല്ലാ സന്തോഷങ്ങളും പൂര്‍ണതയില്‍ പ്രകടിപ്പിക്കേണ്ടത്. നബിദിനാശംസകള്‍.

Latest