സൂര്യകുമാര്‍ ജ്വലിച്ചു; ബാംഗ്ലൂരിനെതിരെ മുംബൈക്ക് അഞ്ചു വിക്കറ്റ് ജയം

Posted on: October 29, 2020 12:58 am | Last updated: October 29, 2020 at 12:58 am

അബൂദബി | ദേവദത്ത് പടിക്കലിന്റെ കിടിലന്‍ ബാറ്റിംഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ ഉയര്‍ത്തിയ വിജയലക്ഷ്യം സൂര്യകുമാര്‍ യാദവിന്റെ മികവില്‍ മറികടന്ന് മുംബൈ ഇന്ത്യന്‍സ്. ബാംഗ്ലൂരിന്റെ 164 റണ്‍സ് അഞ്ച് പന്തുകള്‍ ശേഷിക്കെയാണ് മുംബൈ മറികടന്നത്. നേടിയത് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. സ്‌കോര്‍: റോയല്‍ ചലഞ്ചേഴ്‌സ്- 164/6 (20), മുംബൈ ഇന്ത്യന്‍സ്- 166/5 (19.1). അര്‍ധ ശതകം കുറിച്ച സൂര്യകുമാര്‍ യാദവ് പുറത്താകാതെ നേടിയ 79 റണ്‍സാണ് മുംബൈ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്. 10 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സൂര്യകുമാറിന്റെ വെടിക്കെട്ട്. ഡികോക്ക് (18). ഇഷാന്‍ കിഷന്‍ (25), ഹാര്‍ദിക് പാണ്ഡ്യ (17) എന്നിങ്ങനെയാണ് മറ്റ് മുംബൈ ബാറ്റ്‌സ്മാന്മാരുടെ സംഭാവന.

നേരത്തെ, ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ ജോഷ് ഫിലിപ്പെയും (33) ദേവദത്ത് പടിക്കലും (74) ചേര്‍ന്നെടുത്ത 71 റണ്‍സാണ് ബാംഗ്ലൂരിന് പൊരുതാവുന്ന സ്‌കോര്‍ നല്‍കിയത്. 43 പന്തിലായിരുന്നു സൂര്യകുമാര്‍ യാദവിന്റെ 79. ഫിലിപ്പെയുടെ 33 കണ്ടെത്തിയത് 24 പന്തിലായിരുന്നു. എന്നാല്‍, നായകന്‍ വിരാട് കോലി ഉള്‍പ്പെടെയുള്ളവര്‍ പരാജയമായി. ഒമ്പത് റണ്‍സ് മാത്രമാണ് കോലിയുടെ സമ്പാദ്യം. എബി ഡി വില്ല്യേഴ്‌സ് 12 പന്തില്‍ 15 റണ്‍സെടുത്തു. നാല് ഓവര്‍ എറിഞ്ഞ് 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിലപ്പെട്ട വിക്കറ്റുകള്‍ കൊയ്ത ജസ്പ്രിത് ബുംറയാണ് വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് മുംബൈയെ തടഞ്ഞത്. കീരണ്‍ പൊള്ളാഡ്, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.