Connect with us

Kerala

പാപ്പര്‍ ഹരജി പിന്‍വലിക്കാന്‍ പോപ്പുലര്‍ ഗ്രൂപ്പ് ഉടമകളുടെ ഹരജി

Published

|

Last Updated

പത്തനംതിട്ട | പാപ്പര്‍ ഹരജി പിന്‍വലിക്കാന്‍ പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പ് ഉടമകള്‍ പത്തനംതിട്ട സബ് കോടതിയില്‍ അപേക്ഷ നല്‍കി. പോപ്പുലര്‍ ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ റോയി (തോമസ്) ഡാനിയേല്‍, ഭാര്യ പ്രഭാ തോമസ്, എം ജെ മേരിക്കുട്ടി എന്നിവരുടെ പേരുകളിലും പോപ്പുലര്‍ പ്രിന്റേഴ്സ്, പോപ്പുലര്‍ എക്സ്പോര്‍ട്സ്, പോപ്പുലര്‍ ഡീലേഴ്സ്, പോപ്പുലര്‍ മിനി ഫിനാന്‍സ് എന്നിവരുടെ പേരിലുമാണ് ഹരജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസ് നവംബര്‍ ഒമ്പതിന് പരിഗണിക്കും. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷണം ആരംഭിച്ചിരുന്നു. 2000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളുടെ പകര്‍പ്പും ഇ ഡി ശേഖരിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകള്‍, ഭൂമി ക്രയവിക്രയങ്ങള്‍, നിലവില്‍ കൈവശമുള്ള ഭൂമിയുടെ വിവരം, മറ്റ് ആസ്തികള്‍ എന്നിവയുടെ തെളിവുകളാണ് ശേഖരിച്ചിരിക്കുന്നത്.

പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ പക്കല്‍ അവശേഷിക്കുന്ന ആസ്തി 125 കോടി രൂപയുടെതാണെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തട്ടിപ്പു നടത്തി മുങ്ങുന്നതിനു മുമ്പ് കൊച്ചി, തിരുവനന്തപുരം, തൃശൂര്‍ നഗരങ്ങളിലെ കോടികള്‍ വിലമതിക്കുന്ന ഫ്ളാറ്റുകള്‍ വിറ്റഴിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്ത് തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഭൂമി വാങ്ങിയിരുന്നു. ഇതിന്റെ വിശദാംശങ്ങളും പോലീസിന്റെ കൈവശമുണ്ട്. ആഡംബര കാറുകള്‍ അടക്കം 10 വാഹനങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലുണ്ട്. തോമസ് ഡാനിയേലും ഭാര്യയും മുന്നു പെണ്‍മക്കളും ചേര്‍ന്ന് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസില്‍ ആസ്ത്രേലിയ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിരുന്നു എന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം ഇന്റര്‍പോളിന്റെ ഉള്‍പ്പെടെ സഹായം തേടിയിട്ടുണ്ട്.

Latest