മുന്നാക്ക സംവരണം: നിലവിലെ സംവരണാനുകൂല്യത്തില്‍ ഒരു കുറവും ഇല്ലാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാര്‍ പുലര്‍ത്തും- സി പി എം

Posted on: October 28, 2020 6:12 pm | Last updated: October 28, 2020 at 10:23 pm

തിരുവനന്തപുരം | മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി നടപ്പിലാക്കുന്നതിനെ വര്‍ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്.

നിലവിലുള്ള സംവരണാനുകൂല്യങ്ങളില്‍ കുറവൊന്നും വരുത്താതെയാണ് മുന്നാക്ക സംവരണം നടപ്പിലാക്കുന്നത്. ഭരണഘടന ഭേദഗതിയോടെ സംവരണം 60 ശതമാനമായി മാറി. ഇതില്‍ 50 ശതമാനം നിലവിലുള്ള സംവരണ വിഭാഗങ്ങള്‍ക്കും പത്ത് ശതമാനം മുന്നാക്ക വിഭാഗങ്ങള്‍ക്കുമായിരിക്കും. ഈ പുതിയ രീതി നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള സംവരണാനുകൂല്യത്തില്‍ ഒരു കുറവും ഇല്ലാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാര്‍ പുലര്‍ത്തുകയും ചെയ്യും. സംവരണ പ്രശ്‌നത്തില്‍ സി പി എമ്മിന് വ്യക്തമായ നിലപാടുണ്ടെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

പിന്നാക്കക്കാരിലെ സംവരണത്തിന് സാമ്പത്തികമായി പുറകില്‍ നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന നിലപാട് സി പി എം ആദ്യമേ സ്വീകരിച്ചിരുന്നു. ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടാത്തവര്‍ ഇല്ലാതെ വന്നാല്‍ അതേ വിഭാഗത്തില്‍പ്പെട്ട ക്രീമിലെയറുകാരേയും പരിഗണിക്കാന്‍ ആവശ്യമായ ഭരണഘടന ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടു.

രാജ്യത്ത് മുതലാളിത്ത നയം നടപ്പിലാക്കുന്നതിന്റെ കൂടി ഭാഗമായി മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വലിയൊരു വിഭാഗം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കുന്നതിനായും ഭരണഘടന ഭേദഗതി ചെയ്യണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ ഇടതു മുന്നണി മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏന്ന നിലപാട് പ്രഖ്യാപിച്ചിരുന്നു. ആ കാഴ്ചപാടിന് അനുസൃതമായാണ് ഭരണഘടന ഭേദഗതി പാര്‍ലമെന്റ് പാസാക്കിയത്.

മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള യു ഡി എഫും 2011 ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ മുന്നാക്ക സംവരണം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ വര്‍ഗീയ ധ്രുവീകരണത്തിനായി മുസ്‌ലിം ലീഗ്, ജമാ-അത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് തിരിച്ചറിയണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

ALSO READ  മുന്നാക്ക സ‌ംവരണം സംവരണ വിഭാഗങ്ങൾക്ക് വൻ തിരിച്ചടി; കണക്കുകൾ ഞെട്ടിക്കും