Connect with us

Editorial

ഗോമാതാവല്ല പ്രശ്‌നം, മുസ്‌ലിം വിരുദ്ധതയാണ്

Published

|

Last Updated

ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ രൂക്ഷമായ വിമര്‍ശമാണ് തിങ്കളാഴ്ച അലഹബാദ് ഹൈക്കോടതി നടത്തിയത്. ഗോവധത്തിന്റെയും മാംസ വ്യാപാരത്തിന്റെയും പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട റഹ്മുദ്ദീന്‍ എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഉത്തര്‍ പ്രദേശില്‍ ഗോവധ നിരോധന നിയമം നിരപരാധികള്‍ക്കെതിരെ വന്‍തോതില്‍ ദുരുപയോഗം ചെയ്യുന്നതായി കോടതി നിരീക്ഷിച്ചത്. ഒരാളില്‍ നിന്ന് ഏത് മാംസം പിടിച്ചെടുത്താലും പരിശോധന പോലും നടത്താതെ ഗോമാംസമായി ചിത്രീകരിക്കുകയാണ്. മിക്കവാറും കേസുകളില്‍ പിടിച്ചെടുത്ത മാംസം ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കുന്നില്ല. ചെയ്യാത്ത കുറ്റത്തിന് ആരോപണവിധേയനായ വ്യക്തി ജയിലില്‍ തന്നെ കഴിയുകയും വിചാരണാ നടപടികള്‍ക്ക് വിധേയനാകുകയും ഏഴ് വര്‍ഷം വരെ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നതായി ജസ്റ്റിസ് സിദ്ധാര്‍ഥ ചൂണ്ടിക്കാട്ടി.

ഗോവധവുമായി ബന്ധപ്പെട്ട കേസുകളില്‍ അധികൃതര്‍ പിടിച്ചെടുക്കുന്ന പശുക്കളുടെ വിവരങ്ങള്‍ സംബന്ധിച്ച് രേഖകള്‍ സൂക്ഷിക്കുന്നില്ല. പിടിച്ചെടുത്ത പശുക്കളും പ്രായമായതിന്റെ പേരില്‍ ഉപേക്ഷിക്കപ്പെടുന്നവയും തെരുവുകളില്‍ അലഞ്ഞു തിരിയുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയുമാണ്. കര്‍ഷകര്‍ വളര്‍ത്തുന്ന മറ്റു പശുക്കളെയും റോഡുകളില്‍ അലഞ്ഞു തിരിയാന്‍ വിടുന്നു. ഇത് വലിയ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും ഇടയാക്കുന്നു. പോലീസിനെയും പശുഭീകരരെയും ഭയന്ന് ഇത്തരം പശുക്കളെ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കാന്‍ ഉടമസ്ഥര്‍ ഭയപ്പെടുന്നതായും കോടതി ചൂണ്ടിക്കാട്ടി. ശരിയായ പരിചരണവും തീറ്റയും ലഭിക്കാതെ പശുക്കള്‍ വന്‍തോതില്‍ ചത്തൊടുങ്ങുന്ന വാര്‍ത്തകളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിരന്തരം പുറത്തു വരുന്നു.

ഗോവധ നിരോധന നിയമവും കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് തടയാനായി മോദി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനവും പശുസംരക്ഷണം ലക്ഷ്യമാക്കിയല്ല, കൃത്യമായ രാഷ്ട്രീയ, വര്‍ഗീയ അജന്‍ഡയോടെയാണെന്നത് നേരത്തേ പലരും ചൂണ്ടിക്കാട്ടിയതാണ്. പശുവിന്റെ പേരില്‍ മുസ്‌ലിംകളും ദളിതരും വ്യാപകമായി അക്രമത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ തന്നെ പശു ഇറച്ചി കയറ്റുമതി രാജ്യത്ത് നിര്‍ബാധം തുടരുകയാണെന്ന വസ്തുത മോദി സര്‍ക്കാറിന്റെയും “ഗോഭക്തരു”ടെയും തനിനിറം വ്യക്തമാക്കുന്നു. 2019 മാര്‍ച്ചില്‍ അഗ്രികള്‍ച്ചറല്‍ പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് നിന്ന് ഏറ്റവും കൂടിയ അളവില്‍ ബീഫ് കയറ്റുമതി ചെയ്തത് മോദി ഭരണകാലത്താണ.്
2013-14 സാമ്പത്തിക വര്‍ഷം 13,65,643 മെട്രിക് ടണ്‍ ബീഫ് കയറ്റുമതി ചെയ്ത സ്ഥാനത്ത് 2014-15ല്‍ 14,75,540 മെട്രിക് ടണ്‍ ആണ് ഇന്ത്യ കയറ്റിയയച്ചത്. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. 2016-17ലെ കയറ്റുമതി 13,30,013 മെട്രിക് ടണ്ണും 2017-18ല്‍ 13,48,225 മെട്രിക് ടണ്ണുമാണ്. ലോകത്ത് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഒരു വര്‍ഷം 400 കോടി ഡോളറിന്റെ ബീഫാണ് വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നത്. ഹിന്ദുത്വര്‍ ഭരിക്കുന്ന മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഏറ്റവും വലിയ മാംസ സംസ്‌കരണ ഫാക്ടറികള്‍ ഉള്ളത്. രാജ്യത്തെ പല ബീഫ് കയറ്റുമതി സ്ഥാപനങ്ങള്‍ നടത്തുന്നതും സംഘ്പരിവാറുകാരാണെന്നതാണ് മറ്റൊരു വിരോധാഭാസം. ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്നത് അല്‍കബീര്‍ എക്‌സ്‌പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ആണ്. പേരില്‍ മുസ്‌ലിം സ്ഥാപനമാണെന്ന് തോന്നാമെങ്കിലും ഇതിന്റെ ഷെയറുകാരില്‍ 50 ശതമാനവും കുല്‍ദീപ് സിംഗ്, ദിഗംബര സിംഗ്, സതീഷ് സുബ്ബര്‍വാള്‍ തുടങ്ങി ആര്‍ എസ് എസ് ബന്ധമുള്ളവരാണ്.

സംഘ്പരിവാര്‍ ഭരണത്തിലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പശുക്കളുടെ ദുരവസ്ഥയും ഗോഭക്തരുടെ കാപട്യം വിളിച്ചോതുന്നു. ശരിയായ പരിചരണവും തീറ്റയും ലഭിക്കാതെ പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന വാര്‍ത്തകളാണ് അവിടെ നിന്ന് നിരന്തരം പുറത്തു വരുന്നത്. പശുവും ദൈവവുമല്ല ഇവിടെ വിഷയം, മുസ്‌ലിം വിരുദ്ധതയാണ്. അത് നടപ്പാക്കാനുള്ള തുരുപ്പുചീട്ട് മാത്രമാണ് പശുക്കള്‍ക്ക് കല്‍പ്പിക്കുന്ന മഹത്വം. ഇതിന്റെ മറവില്‍ നാടുനീളെ മുസ്‌ലിംകളെ അക്രമിക്കുകയാണ് സംഘ്പരിവാര്‍. പശുവിനെ ചൊല്ലി അതിക്രമത്തിനിരയാകുന്നവരെ സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ടുകളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 2010നും 2017നുമിടയില്‍ പശുവിന്റെ പേരില്‍ അക്രമത്തിനിരയായവരില്‍ 51 ശതമാനവും മുസ്‌ലിംകളാണെന്ന് ഡാറ്റ പോര്‍ട്ടലായ ഇന്ത്യ സ്‌പെന്‍ഡ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആക്രമണങ്ങളില്‍ 97 ശതമാനവും അരങ്ങേറിയത് 2014 മെയില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ്. പശുവിനെ ചൊല്ലിയുള്ള 32 ആക്രമണ സംഭവങ്ങളും നടന്നത് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും ഔദ്യോഗിക വിവരങ്ങളെ ആധാരമാക്കിയുള്ള ഇന്ത്യ സ്‌പെന്‍ഡ് വിശകലനം വ്യക്തമാക്കുന്നു.

പശുവിനെ അറുത്തതിന്റെയും മാംസം ഉപയോഗിച്ചതിന്റെയും പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ ഏറെയും വ്യാജമാണെന്നും തെളിഞ്ഞിട്ടുണ്ട്. പശുമാംസം വീട്ടില്‍ സൂക്ഷിച്ചെന്ന് ആരോപിച്ചാണ് 2015 സെപ്തംബര്‍ 28ന് യു പിയിലെ ദാദ്രിയില്‍ ഒരു കൂട്ടം ഹിന്ദുത്വ ഭീകരര്‍ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്നത്. പിന്നീട് അഖ്‌ലാഖിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നെടുത്ത മാംസം സര്‍ക്കാര്‍ വെറ്ററിനറി ഡോക്ടര്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ആട്ടിറച്ചിയാണെന്ന് വ്യക്തമാകുകയുണ്ടായി. കഴിഞ്ഞ ബക്രീദ് ദിനത്തില്‍ ഡല്‍ഹിയില്‍ പിക്കപ്പ് വാനില്‍ മാംസവുമായി പോകുകയായിരുന്ന ലുഖ്മാന്‍ എന്ന യുവാവിനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നതും പശുമാംസമാണെന്നാരോപിച്ചാണ്. അത് പശുമാംസം അല്ലെന്ന് പിന്നീട് വാന്‍ ഡ്രൈവര്‍ പോലീസിനെ അറിയിക്കുകയുണ്ടായി. ഈ സംഭവത്തില്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന് അക്രമികളെ പിടികൂടുന്നതിനു പകരം ഇറച്ചി പരിശോധനക്കായി ലാബിലേക്കയക്കുന്നതിനായിരുന്നു തിടുക്കം. ഏതെങ്കിലും വിധേന അത് പശുമാംസമാണെന്ന് വരുത്തിത്തീര്‍ത്ത് മുസ്‌ലിംകളെ കള്ളക്കേസില്‍ കുടുക്കുകയാണ് ലക്ഷ്യം. ഗോമാംസവുമായി ബന്ധപ്പെട്ട മിക്ക കേസുകളിലും ഇതാണ് സ്ഥിതി. കോടതിയുടെ വിരല്‍ചൂണ്ടലും ഇതിലേക്കാണ്.

Latest