Connect with us

Kerala

നദീതീര ജൈവവൈവിധ്യത്തില്‍ നിന്ന് ജീവനോപാധി കണ്ടെത്താന്‍ പരിശീലനം നല്‍കും: മുഖ്യമന്ത്രി

Published

|

Last Updated

പത്തനംതിട്ട | ജൈവവൈവിധ്യങ്ങളില്‍ നിന്ന് പ്രദേശവാസികള്‍ക്കു ജീവനോപാധിക്കുള്ള മാര്‍ഗം കണ്ടെത്തുന്നതിന് സാങ്കേതിക പരിശീലനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നദീതീരത്തെ ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് പ്രസംഗിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുടുംബശ്രീ വഴിയാണ് പരിശീലനം നല്‍കുക.

ജൈവവൈവിധ്യ സംരക്ഷണ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനും പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. 2018ലെ പ്രളയം വലിയ ജൈവവൈവിധ്യ നാശം ഉണ്ടാക്കി. പമ്പാ നദിയുടെ ഇരുകരകളിലേയും ജൈവവൈവിധ്യം അപ്പാടെ നഷ്ടപ്പെട്ടു. പമ്പാതീരത്തെ ജൈവവൈവിധ്യം പരമാവധി പുനരുജ്ജീവിപ്പിച്ച് നദിയെ സംരക്ഷിക്കുന്നതിനായാണ് രണ്ടു കോടി രൂപ ചെലവില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നത്.

പ്രകൃതിയുമായി ബന്ധപ്പെട്ട പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ അതാതു പ്രദേശത്തിന്റെ ഭൂപ്രകൃതിക്കും ആവാസവ്യവസ്ഥക്കും യോജിച്ച രീതിയിലായിരിക്കണമെന്ന് മഹാപ്രളയത്തെ തുടര്‍ന്ന് യു എന്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് ഉള്‍ക്കൊണ്ടാണ് പമ്പാ നദീതീരത്ത് പദ്ധതി നടപ്പിലാക്കുന്നത്. ജൈവവൈവിധ്യ ശോഷണം കൂടുതലായി സംഭവിച്ചിട്ടുള്ള ഇലന്തൂര്‍, കോയിപ്പുറം, റാന്നി ബ്ലോക്ക് പഞ്ചായത്തുകളിലുള്‍പ്പെട്ട ചെറുകോല്‍, കോഴഞ്ചേരി, അയിരൂര്‍, റാന്നി, പഴവങ്ങാടി, അങ്ങാടി, പെരുനാട്, വടശ്ശേരിക്കര, വെച്ചൂച്ചിറ, നാറണംമൂഴി എന്നീ ഗ്രാമ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തദ്ദേശീയവും വംശനാശഭീഷണി നേരിടുന്നതും പ്രദേശവാസികളുടെ ജീവസന്ധാരണത്തിന് പ്രയോജനപ്രദവുമാകുന്ന 64 സസ്യയിനങ്ങളുടെ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. അതത് പഞ്ചായത്തുകളിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് തൈ വികസിപ്പിക്കല്‍, തൈ നടീല്‍, തൈ പരിപാലനം എന്നിവ നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ രാജു എബ്രഹാം എം എല്‍ എ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഡോ. ഉഷ ടൈറ്റസ്, വീണാ ജോര്‍ജ് എം എല്‍ എ, എം ജി എന്‍ ആര്‍ ജി എസ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest