കെ എം ഷാജിയുടെ കെട്ടിട നിര്‍മാണം ക്രമപ്പെടുത്താനുള്ള അപേക്ഷ തള്ളാന്‍ സാധ്യത

Posted on: October 27, 2020 11:31 am | Last updated: October 27, 2020 at 3:56 pm

കോഴിക്കോട് |  അനധികൃത കെട്ടിട നിര്‍മാണം സംബന്ധിച്ച ആരോപണങ്ങളില്‍ മുസ്ലീം ലീഗ് എം എല്‍ എ കെ എം ഷാജി കൂടുതല്‍ പ്രതിരോധത്തിലാകുന്നു. അനുമതിയില്ലാതെ 5200 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള വീട് കോഴിക്കോട്ട് നിര്‍മിച്ച കെ എം ഷാജി ഇത് നിയമവേധയമാക്കാന്‍ സമര്‍പ്പിച്ച അപേക്ഷക്കൊപ്പം മതിയായ രേഖകള്‍ സമര്‍പ്പിക്കപ്പെട്ടില്ലെന്നാണ് വിവരം. അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ട രേഖകളൊന്നും ഷാജി നല്‍കാത്തതിനാല്‍ കെട്ടിട നിര്‍മാണം ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോര്‍പറേഷന്‍ തള്ളിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ നാല് വര്‍ഷമായി ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകളൊന്നും ഷാജി നല്‍കിയിട്ടില്ല. നാല് വര്‍ഷമായി കെട്ടിട നികുതിയും വസ്തു നികുതിയും ആഢംബര നികുതിയും അടച്ചിട്ടില്ല. എന്നാല്‍ കെട്ടിടത്തിന് അനുമതിയില്ലെങ്കിലും ജല, വൈദ്യുതി കണക്ഷന്‍ കിട്ടിയിട്ടുണ്ട്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നഗരസഭയോട് വിശദീകരണം തേടിയിരുന്നു. ഇതിന്റെ മറുപടി ചൊവ്വാഴ്ച നഗരസഭ നല്‍കും.

2013ല്‍ 3200 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മിക്കാനാണ് ഷാജി അനുമതി തേടിയത്. ഇപ്പോള്‍ ആ വീടിന്റെ വിസ്തൃതി 5200 സ്‌ക്വയര്‍ ഫീറ്റാണ്. അനധികൃത സ്വത്ത് സമ്പാദനമടക്കം വിവിധ വിഷയങ്ങളിലായി അടുത്തമാസം പത്തിന് ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും.