സ്വര്‍ണക്കടത്ത്: മുഖ്യപ്രതി റബിന്‍സ് അറസ്റ്റില്‍

Posted on: October 26, 2020 5:34 pm | Last updated: October 26, 2020 at 8:44 pm

കൊച്ചി | തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി റബിന്‍സിനെ അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എന്‍ ഐ എ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യു എ ഇ നാടുകടത്തിയതിനെ തുടര്‍ന്നാണ് റബിന്‍സ് കേരളത്തില്‍ ഇറങ്ങിയത്.

ഫൈസല്‍ ഫരീദുമായി സ്വര്‍ണക്കടത്ത് ഏകോപനം ചെയ്തയാളാണ് റബിന്‍സെന്ന് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ റമീസ് അടക്കമുള്ള പ്രധാന പ്രതികള്‍ മൊഴി നല്‍കിയിരുന്നു. സ്വര്‍ണക്കടത്തിന് ഇയാള്‍ ഗൂഢാലോചന നടത്തുകയും എല്ലാ സംവിധാനങ്ങളും ഒരുക്കുകയും ചെയ്തു.

അധോലോക സംഘമായ ഡി കമ്പനിയുമായി അടക്കം ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ ഐ എ കോടതിയില്‍ അറിയിച്ചിരുന്നു. ടാന്‍സാനിയയില്‍ റമീസിനൊപ്പം പോയിട്ടുണ്ടെന്ന് എന്‍ ഐ എ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ഇനി പിടികിട്ടാനുള്ള പ്രധാന പ്രതി ഫൈസല്‍ ഫരീദാണ്. ഇയാള്‍ യു എ ഇയിലാണുള്ളത്.