Connect with us

Editorial

അവയവ മാഫിയയെ പിടിച്ചുകെട്ടണം

Published

|

Last Updated

അതീവ ഗൗരവതരമാണ് അവയവദാന മാഫിയയെക്കുറിച്ചുള്ള ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് അവയവദാന മാഫിയ സജീവമാണെന്നും തൃശൂര്‍ കേന്ദ്രമാക്കിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് ഇതുസംബന്ധിച്ച് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ നിന്ന് ചിലര്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് ഐ ജി ശ്രീജിത്ത് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. സംസ്ഥാനത്തെങ്ങും ഏജന്റുമാരുണ്ട് അവയവദാന മാഫിയക്ക്. കിഡ്‌നി അടക്കമുള്ള അവയവങ്ങള്‍ ഇവര്‍ നിയമവിരുദ്ധമായി ഇടനിലക്കാര്‍ വഴി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്കുണ്ട് ഈ ഇടപാടുകളിലെന്നാണ് ഐ ജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനകം 35 അവയവ കൈമാറ്റങ്ങളെങ്കിലും നടന്നിട്ടുണ്ട്. ആറ് മുതല്‍ 12 ലക്ഷം രൂപ വരെയാണ് വിവിധ അവയവങ്ങള്‍ക്ക് ഇവര്‍ വസൂലാക്കുന്നത്.

സര്‍ക്കാറിന്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിക്കാനും അവയവ മാഫിയക്ക് പദ്ധതിയുള്ളതായി റിപ്പോര്‍ട്ടില്‍ സന്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതാണ് 2012 ആഗസ്റ്റ് 12ന് നിലവില്‍ വന്ന മൃതസഞ്ജീവനി പദ്ധതി. ഇതനുസരിച്ച് മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്യുന്നവരുടെ കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് തുടങ്ങിയവ അത്തരം അവയവങ്ങളുടെ തകരാറ് മൂലം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ മാറ്റിവെക്കുന്നു. അവയവ മാറ്റത്തില്‍ സുതാര്യത ഉറപ്പ് വരുത്തുന്നതോടൊപ്പം അവ ആവശ്യമുള്ളവരും ദാനത്തിന് സന്നദ്ധതയുള്ളവരുമായ ആളുകളുടെ ഏകോപനവും പദ്ധതി ലക്ഷ്യം വെക്കുന്നു. അവയവദാന മാഫിയക്ക് കനത്ത അടിയാണ് ഈ പദ്ധതിയുടെ കാര്യക്ഷമവും സുഗമവുമായ പ്രവര്‍ത്തനം.

ചില സ്വകാര്യ ആശുപത്രികളെ കേന്ദ്രീകരിച്ച് ആശുപത്രി അധികൃതരുടെ സഹകരണത്തോടെയാണ് അവയവക്കൊള്ള നടക്കുന്നതെന്നാണ് വിവരം. ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികളെ രക്ഷപ്പെടുത്തുന്നതിനേക്കാള്‍ മരണത്തിലേക്ക് നയിക്കാനാണ് ഇത്തരം ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതത്രെ. രോഗി രക്ഷപ്പെടുന്ന കാര്യം പ്രയാസമാണെന്നും വെന്റിലേറ്ററില്‍ നിന്ന് പുറത്തെടുത്താല്‍ പത്ത് മിനുട്ടുകള്‍ക്കപ്പുറം ജീവിച്ചിരിക്കില്ലെന്നും ബന്ധുക്കളെ അറിയിച്ച ശേഷം ഡോക്ടര്‍മാര്‍, രോഗിയുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിന്റെ മഹത്വം ബന്ധുക്കളെ ബോധ്യപ്പെടുത്തുന്നു. സ്വാഭാവികമായും ഇതോടെ മിക്ക കേസുകളിലും രോഗിയുടെ ബന്ധുക്കള്‍ അവയവ ദാനത്തിന് സന്നദ്ധത പ്രകടിപ്പിക്കും. ബന്ധുക്കളില്‍ നിന്ന് സമ്മതപ്പത്രം ലഭ്യമാകുന്നതോടെ രോഗിയുടെ ഉപയോഗപ്രദമായ അവയവങ്ങളൊക്കെ മുറിച്ചെടുത്ത് ആവശ്യക്കാര്‍ക്ക് വന്‍ വിലക്ക് വില്‍ക്കുന്നു. ദാതാക്കളോടും സ്വീകരിക്കുന്നവരോടും വില പറഞ്ഞുറപ്പിക്കുന്നത് ഏജന്റുമാരാണ്. എന്നാല്‍ ദാതാക്കള്‍ക്ക് പലപ്പോഴും വാഗ്ദാനം ചെയ്ത സംഖ്യ ലഭിക്കാറില്ല. ആശുപത്രി ചെലവിനപ്പുറം ഒന്നും ലഭിക്കാത്തവരുമുണ്ട് കൂട്ടത്തില്‍. അനധികൃത ഇടപാടായതിനാല്‍ വഞ്ചിതരായവര്‍ക്ക് ഇക്കാര്യം ആരോടും പരാതിപ്പെടാനും നിര്‍വാഹമില്ല. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ചില ആശുപത്രികളിലേക്കാണ് അവയവങ്ങള്‍ എത്തിക്കുന്നതെന്നാണ് വിവരം.

രോഗികളല്ലാത്ത ദരിദ്രരെയും പാവങ്ങളെയും അവരുടെ ഇല്ലായ്മ ചൂഷണം ചെയ്ത് അവയവങ്ങള്‍ക്ക് വില പറഞ്ഞുറപ്പിച്ച് ആശുപത്രികളിലെത്തിക്കുന്നുമുണ്ട് ഏജന്റുമാര്‍. അവയവം സ്വീകരിക്കുന്നവരില്‍ നിന്ന് വന്‍ പ്രതിഫലം ഈടാക്കുന്ന മാഫിയ നാമമാത്രമായ പ്രതിഫലമാണ് അവ ദാനം ചെയ്യുന്നവര്‍ക്ക് നല്‍കുന്നത്. കൊടിയ ദരിദ്രാവസ്ഥയില്‍ കഴിയുന്നവരും കടം വാങ്ങി മുടിഞ്ഞവരുമാണ് സംസ്ഥാനത്ത് അടുത്തിടെ അവയവം ദാനം ചെയ്തവരില്‍ ഏറെയുമെന്നാണ് വിവരം. ആശുപത്രികള്‍ക്ക് അവയവ കച്ചവടത്തിലൂടെ ലഭിക്കുന്ന സാമ്പത്തിക നേട്ടത്തോടൊപ്പം അവയവ മാറ്റത്തിനു വിധേയമായവരുടെ തുടര്‍ ചികിത്സ ഇനത്തിലും വന്‍ നേട്ടം കൊയ്യാനാകുന്നു. അവയവം നല്‍കിയവരും മാറ്റിവെച്ചവരും ദീര്‍ഘകാലം ചിലപ്പോള്‍ ജീവിതകാലം മുഴുക്കെയും മരുന്നു കുടിക്കേണ്ടി വരുന്നുണ്ട്. മാറ്റിവെക്കുന്ന പുതിയ അവയവത്തെ ശരീരം പുറന്തള്ളാന്‍ ശ്രമിക്കും. ഈ പുറന്തള്ളലിനെ പ്രതിരോധിക്കാന്‍ മരുന്നുകളെ ആശ്രയിക്കുകയേ നിര്‍വാഹമുള്ളൂ. ഇത് ആശുപത്രികള്‍ക്ക് നല്ലൊരു വരുമാന മാര്‍ഗമാണ്.

ഇതിനെല്ലാമപ്പുറം കൃത്രിമ അപകടങ്ങളിലൂടെ ആളുകളെ കൊന്നും അവയവം കവരുന്നുണ്ടത്രെ മാഫിയ. തമിഴ്‌നാട്ടില്‍ അടുത്തിടെയായി മലയാളികള്‍ വന്‍തോതില്‍ വാഹനാപകടങ്ങളില്‍ മരിക്കുന്നതിനു പിന്നില്‍ അവയവദാന മാഫിയയുടെ കരങ്ങളുണ്ടോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. 2004 മുതല്‍ 2017 വരെ തമിഴ്‌നാട്ടിലെ വിവിധ ദേശീയ പാതകളിലുണ്ടായ 97 അപകടങ്ങളിലായി മരണപ്പെട്ടത് 337 മലയാളികളാണ്. കേരളത്തില്‍ നിന്ന് വേളാങ്കണ്ണി, പളനി, ഏര്‍വാടി തുടങ്ങിയ ആത്മീയ കേന്ദ്രങ്ങളിലേക്ക് കുടുംബസമേതം തീര്‍ഥയാത്രക്ക് പോയവരാണ് ഇവരില്‍ ഏറെയും. ലോറിയോ വലിയ ട്രക്കുകളോ ഇടിച്ചാണ് മിക്ക അപകടങ്ങളുമുണ്ടായത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഈ മൃതദേഹങ്ങളില്‍ പലതിന്റെയും ആന്തരികാവയവങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തമിഴ്‌നാട്ടിലെ ചില ആശുപത്രികളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ അവയവമാറ്റ ശസ്ത്രക്രിയയുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചത് ഈ സന്ദേഹത്തിന് ബലമേകുന്നുണ്ട്. തമിഴ്‌നാട്ടില്‍ അപകട മരണത്തിനിരയാകുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ കേരളത്തിലെത്തിച്ച് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യിക്കുന്നത് സാങ്കേതികമായി ഏറെ പ്രയാസകരമായതിനാല്‍ അതിനാരും തുനിയാറില്ല.

അതുകൊണ്ട് തന്നെ ഇതിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ കഴിയാതെ പോകുന്നു. ദക്ഷിണേന്ത്യയില്‍ അവയവ മാഫിയ ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്നത് തമിഴ്‌നാട്ടിലാണ്.
ക്രൈം ബ്രാഞ്ച് ഐ ജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവയവ കച്ചവടത്തെക്കുറിച്ച് സംസ്ഥാന വ്യാപകമായി ഊര്‍ജിത അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. തൃശൂര്‍ ക്രൈം ബ്രാഞ്ച് എസ് പി സുദര്‍ശന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്നാണ് വിവരം. ഇത് സ്വാഗതാര്‍ഹമാണ്. അതേസമയം സ്വാധീനങ്ങള്‍ക്കു വഴങ്ങി അന്വേഷണം വഴിമുട്ടാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശക്തരും ഉന്നതങ്ങളില്‍ സ്വാധീനമുള്ളവരുമായിരിക്കും മാഫിയകളില്‍ ഏറെയും. അവരുടെ ഇടപെടല്‍ കൊണ്ട് വഴിമുട്ടിയ അന്വേഷണങ്ങള്‍ നിരവധിയാണ്.