യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

Posted on: October 25, 2020 12:30 pm | Last updated: October 25, 2020 at 5:11 pm

കൊച്ചി |  കൊലപാതക കേസില്‍ യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബവുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് മുമ്പ് കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞിരുന്നു. ദയാഹരജിയുടെ നിലവിലെ അവസ്ഥയും മനസ്സിലാക്കി. വരും ദിവസങ്ങളില്‍ കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബവുമായി ചര്‍ച്ച നടത്താനാണ് തീരുമാനം.

യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചെന്നതാണ് നിമിഷക്ക് എതിരെയുള്ള കേസ്. 2017-ലായിരുന്നു സംഭവം. നിമിഷയെ താന്‍ വിവാഹം കഴിച്ചെന്ന് വ്യാജ രേഖകള്‍ നിര്‍മിച്ച് തലാല്‍ മെഹ്ദി അവകാശപ്പെട്ടിരുന്നു. എന്നാല്‍ സ്വന്തമായി ക്ലിനിക്ക് തുടങ്ങാനാണ് ഇയാളുടെ സഹായം തേടിയതെന്നും പക്ഷേ, യെമന്‍ പൗരന്‍ സാമ്പത്തികമായി ചതിച്ചെന്നുമാണ് നിമിഷ പറയുന്നത്. കേസില്‍ വധശിക്ഷ നടപ്പാക്കുന്നത് യെമനിലെ ഉന്നതകോടതി ആഗസ്റ്റില്‍ സ്റ്റേ ചെയ്തിരുന്നു. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്നുള്ള ഹരജി പരിഗണിച്ചാണ് ഉന്നത കോടതി സ്റ്റേ അനുവദിച്ചത്.