എന്‍ ഡി എയില്‍ നിന്നും യു ഡി എഫിലേക്ക് പോകാനൊരുങ്ങി പി സി തോമസ്

Posted on: October 24, 2020 4:57 pm | Last updated: October 24, 2020 at 4:57 pm

തിരുവനന്തപുരം |  എന്‍ ഡി എ കക്ഷിയായ പി സി തോമസിന്റെ കേരളാ കോണ്‍ഗ്രസ് യു ഡി എഫിലേക്ക് പോകാനുള്ള ശ്രമത്തില്‍. വാഗ്ദാനം നല്‍കിയ ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങല്‍ പോലും നല്‍കാതെ ബി ജെ പി കേന്ദ്ര നേതൃത്വം പറ്റിച്ചതായി ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പി സി തോമസ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ എന്‍ ഡി എയില്‍ തുടരുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ട്. നാളെ ചേരുന്ന പാര്‍ട്ടി യോഗത്തിന് ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി കേന്ദ്ര നേതൃത്വം 2018ല്‍ ഉറപ്പുനല്‍കിയ റബര്‍ ബോര്‍ഡിലേത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞ രണ്ടുകൊല്ലമായി നടപ്പിലാക്കിയിട്ടില്ല. എന്‍ ഡി എക്കുള്ളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെന്നറിയാവുന്ന യു ഡി എഫിലെ പല ആളുകളും പാര്‍ട്ടിയിലെ ചിലരുമായി സംസാരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യു ഡി എഫിനൊപ്പം വരാനാണെങ്കില്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ചെന്നിത്തല പറഞ്ഞതെന്നും പി സി തോമസ് പറഞ്ഞു.