കൊവിഡ് പ്രതിസന്ധിയിലും സംസ്ഥാനത്ത് പൊതുവിപണിയില്‍ അരി വില കുറഞ്ഞു

Posted on: October 24, 2020 2:17 pm | Last updated: October 24, 2020 at 3:42 pm

തിരുവനന്തപുരം | കൊവിഡ് മൂലം ജനങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന വേളയില്‍ പൊതു വിപണിയില്‍ അരി വില കുറഞ്ഞത് സംസ്ഥാനത്തിന് ആശ്വാസമായി. സര്‍ക്കാര്‍ തലത്തില്‍ നടത്തിയ
വലിയ ഇടപെടലുകളാണ് വില പിടിച്ചു നിര്‍ത്താനുണ്ടായതെന്നാണ് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അടക്കമുള്ളവര്‍ പറയുന്നത്. റേഷന്‍ കടകകളില്‍ ആവശ്യത്തിന് അരിയെത്തിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് സൗജന്യ നിരക്കിലെ റേഷന്‍ അരി വാങ്ങാന്‍ മലയാളികളില്‍ ഏറെ പേരും തയ്യാറായി. മികച്ച ഗുണനിലവാരമുള്ള അരികള്‍ റേഷന്‍ കട വഴി വിതരണം ചെയ്തപ്പോള്‍ ഉപഭോക്താക്കളില്‍ നല്ലൊരു ഭാഗവും പൊതു വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതാണ് വില കുറയുന്നതിന് ഇടയാക്കിയത്.

കേരളത്തിലെ പൊതുവിപണിയില്‍ അരിക്ക് രണ്ട് മുതല്‍ അഞ്ചു രൂപവരെയാണ് കുറഞ്ഞത്. വിപണിയില്‍ 39 മുതല്‍ 40 രൂപവരെ വിലയുണ്ടായിരുന്ന അരി വിലെ 35 ആയി കുറഞ്ഞു. പച്ചരിയുടെ വില 34 രൂപയില്‍ നിന്ന് 30 രൂപയായി കുറഞ്ഞു. സംസ്ഥാനത്ത് അരിക്ക് പുറമെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റുകളും നല്‍കിയിരുന്നു. ഇത്തരം കിറ്റ് വിതരണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.