സി ബി ഐ കേരളത്തില്‍ നടത്തുന്നത് രാഷ്ട്രീയ പ്രേരിത ഇടപെടലുകള്‍: എ കെ ബാലന്‍

Posted on: October 24, 2020 1:22 pm | Last updated: October 24, 2020 at 7:42 pm

തിരുവനന്തപുരം | കേരളത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി ബി ഐ നടത്തുന്ന ഇടപടെലുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി നിയമമന്ത്രി എ കെ ബാലന്‍. സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെ രാഷ്ട്രീയ പ്രേരിതമായ ഇടപെടലുകളാണ് കേരളത്തില്‍ സി ബി ഐ നടത്തുന്നത്. ഇക്കാര്യം ഹൈക്കോടതിക്ക് പോലും ബോധ്യമായതിനാലാണ് സി ബി ഐക്ക് കോടതിയില്‍ തിരിച്ചടി നേരിട്ടതെന്നും ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ബാലന്‍ പറഞ്ഞു.

സി ബി ഐ ഇടപെടലുകള്‍ ദില്ലി സ്പെഷ്യല്‍ പോലീസ് ആക്ടിന് വിരുദ്ധമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇപ്പോള്‍ സി ബി ഐയെ വിലക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും ഇതുതന്നെയാണ് പറഞ്ഞത്. പക്ഷേ അത് ഇവിടെയുള്ള കോണ്‍ഗ്രസുകാര്‍ പറയാത്തത് എന്താണെന്ന് ചോദിച്ചാല്‍ അവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പമല്ല എന്നാണ് ഇപ്പോള്‍ തോന്നുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ അനുവാദമില്ലാതെ ഒരു കേസ് റാന്‍ഡമായിട്ടെടുത്ത് ഇടപെടുന്നത് അംഗികരിക്കാനാകില്ല. ഇത്തരമൊരു നിലപാട് ഇടതുപക്ഷ ജനാധിപത്യമുന്നണി പൊതുവായി എടുത്തുകഴിഞ്ഞാല്‍ സര്‍ക്കാറും അതേക്കുറിച്ച് ആലോചിക്കും. സിബിഐ ഇടപെടലുകളെ തടയാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്നും ബാലന്‍ പറഞ്ഞു.