പരാതിക്കാരന് പണം തിരികെ നല്‍കും; കുമ്മനത്തിനെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്

Posted on: October 23, 2020 10:01 am | Last updated: October 23, 2020 at 3:01 pm

തിരുവനന്തപുരം | ബി ജെ പി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്. ബി ജെ പി, ആര്‍ എസ് എസ് നേതൃത്വം ഇടപെട്ട് രഹസ്യമായി കേസ് ഒത്തുതീര്‍പ്പ് ആക്കുന്നതില്‍ വിജയിച്ചതയാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കുമ്മനം പ്രതിയായ കേസ് ബി ജെ പി വലിയ ഗൗരവമായാണ് എടുത്തത്. ഇത് നിയമനടപടികളിലേക്ക് കടക്കും മുമ്പ് കോടതിക്ക് പുറത്ത് തീര്‍പ്പാക്കാനായി പരാതിക്കാരനേയും സ്ഥാപന ഉടമയേയും പാര്‍ട്ട ബന്ധപ്പെട്ടതയാണ് വിവരം. പ്രശ്‌നം തീര്‍ക്കുകയാണെന്ന് വ്യക്തമാക്കുന്ന സന്ദേശം ന്യൂഭാരത് ബയോടെക്നോളജീസ് ഉടമ വിജയന്‍ മാധ്യമങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. പരാതിക്കാരനായ ആറന്‍മുള സ്വദേശി ഹരികൃഷ്ണന് മുഴുവന്‍ തുകയും തിരിച്ച് നല്‍കുമെന്ന് വിജയന്‍ പറഞ്ഞു. ഇരുവരും തമ്മില്‍ അടുത്തു തന്നെ കൂടിക്കാഴ്ചയുണ്ടാകും.

അതേസമയം പാരതിക്കാരന് നിരവധി പേരെ താന്‍ പരിചയപ്പെടുത്തിക്കൊടുത്തിരുന്നുവെന്ന് കേസിലെ ഒന്നാം പ്രതിയും കുമ്മനത്തിന്റെ മുന്‍ പി എയുമായ പ്രവീണ്‍ വ്യക്തമാക്കി. എന്നാല്‍ സാമ്പത്തിക ഇടപാടില്‍ പങ്കില്ലെന്നും ഇയാള്‍ പറഞ്ഞു.

ന്യൂഭാരത് ബയോടെക്നോളജീസിന്റെ പ്രവര്‍ത്തനോദ്ഘാടനം കുമ്മനം ഗവര്‍ണറായിരിക്കെ മിസോറാമിലെ ഔദ്യോഗിക വസതിയില്‍ നടത്തിയതായാണ് ആറന്‍മുള സ്വദേശി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.അതേ സമയം കുമ്മനം രാജശേഖരനെതിരേ സര്‍ക്കാര്‍കള്ളക്കേസെടുത്തെന്ന് ആരോപിച്ച് ബി ജെ പി ഇന്ന് കരിദിനം ആചരിക്കുകയാണ്.